ആലപ്പുഴ: പൊതുജനങ്ങളിൽ നിന്നടക്കം മാലിന്യം ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് നൽകിയില്ലെങ്കിൽ തദ്ദേശ സ്ഥാപനത്തിൽ നിന്ന് വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന ഉത്തരവിൽ വ്യാപാരികൾ രംഗത്ത്. വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനത്തിനും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ ഒരുക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് രണ്ട് മാസം മുമ്പ് പുറത്തിറക്കിയ ഉത്തരവ്. എല്ലാ കടകളിലും രണ്ട് മാലിന്യ ശേഖരണ ബിന്നുകൾ നിർബന്ധമാണ്. കൂടാതെ വിൽപ്പന നടത്തുന്ന ഉത്പന്നത്തിന്റെ സ്വഭാവം അനുസരിച്ച് പ്രത്യേക ബിന്നും ഉണ്ടാവണം. പടക്കം പോലെ അപകടകരമായ ഉത്പന്നങ്ങൾക്കാണ് പ്രത്യേക ബിന്നുകൾ. ഇതിന് പുറമേയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി ജനങ്ങൾ വന്നുപോകുന്ന പ്രദേശങ്ങളിൽ പൊതു ജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കാൻ വ്യാപാരികൾ ബിന്നുകൾ സ്ഥാപിക്കണമെന്ന ഉത്തരവിറക്കിയിരിക്കുന്നത്. ബിന്നുകളുടെ സംരക്ഷണം, പരിപാലനം എന്നിവ വ്യാപാര സ്ഥാപനത്തിന്റെ ചുമതലയാണ്.മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യേണ്ട ചുമതല ഹരിതകർമ്മസേനയ്ക്കാണ്. എന്നാൽ ചില വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ പ്രതീക്ഷിക്കുന്ന തരത്തിൽ ഹരിതകർമ്മ സേനയ്ക്ക് കൈമാറാൻ മാലിന്യമുണ്ടാവില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഇതോടെ മാലിന്യം നൽകിയില്ലെന്ന പേരിൽ പ്രവർത്തന ലൈസൻസ് നിഷേധിക്കുമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികളുടെ നിലപാട്.

.........

 150 സ്ക്വയർ ഫീറ്റിൽ ടൊയ്ലെറ്റും

വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധമായും ടൊയ്ലെറ്റ് വേണമെന്ന നിർദ്ദേശവും ഉണ്ട്. 150 - 200 സ്ക്വയർ ഫീറ്റിൽ കടമുറി നടത്തുന്നവർക്ക് ഇത്തരം നിബന്ധനകൾ അപ്രായോഗികമാണ്. പകരം, വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കായി ടൊയ്ലെറ്റ്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ സ്ഥല സൗകര്യമൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

..........

''ഹരിത കർമ്മ സേനയുടെ രസീതില്ലാതെ വ്യാപാര ലൈസൻസ് പുതുക്കി നൽകില്ല,കെട്ടിട നികുതി സ്വീകരിക്കില്ല തുടങ്ങി അനാവശ്യ നിബന്ധനകളുമായ് മുന്നോട്ട് വന്നാൽ വ്യാപാരികൾ ലൈസൻസ് പുതുക്കാനോ കെട്ടിട നികുതി അടയ്ക്കാനോ തയ്യാറാവില്ല.

രാജു അപ്സര, സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി