ആലപ്പുഴ: നവകേരള സദസിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് കസ്റ്റഡിയിലിരിക്കെ തല്ലിച്ചതച്ച സുരക്ഷാഉദ്യോഗസ്ഥർക്കെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കെതിരെ കോടതി നിർദേശാനുസരണം ഐ.പി.സി 294 ബി, 326,324 പ്രകാരം കേസെടുത്തെങ്കിലും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻപോലും പൊലീസ് തയ്യാറാകാത്തതിന് എതിരെയാണ് ഹർജി. സംഭവവുമായി ബന്ധപ്പെട്ട് തോമസിന്റെയും അജയ് ജ്യുവലിന്രെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചവരുൾപ്പെടെ സാക്ഷികളെ തിരിച്ചറിയാൻ ശ്രമിച്ചതല്ലാതെ സുരക്ഷാഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.

പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് സന്ദീപും അനിലും ചാടിയിറങ്ങി ഇരുവരെയും പൊതിരെ തല്ലുന്നതിന്റെ വീഡിയോ ഉൾപ്പെടെയുള്ള ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. കഴിഞ്ഞമാസം 16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയിൽ തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു. സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല.

പ്രവീണിനെയും കൂട്ടരെയും

തല്ലിയതിൽ അന്വേഷണം

യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീണിനെ കളക്ട്രേറ്റ് മാർച്ചിനിടെ വളഞ്ഞിട്ട് തല്ലിച്ചതച്ചതിൽ ജില്ലാകോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസുകാർക്കെതിരെ അന്വേഷണം തുടങ്ങി. എസ്.പി ചൈത്ര തെരേസ ജോണിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിൽ അഡി.എസ്.പിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ലാത്തിയടിയിൽ പ്രവീണിനും മേഘാ രഞ്ജിത്തിനും ശരണ്യയ്ക്കും തലയ്ക്കും ദേഹമാസകലവും സാരമായി പരിക്കേറ്റ സാഹചര്യം അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സുരക്ഷാ ഉദ്യോഗസ്ഥരുടെ അക്രമം ചോദ്യം ചെയ്യുകയും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നേതൃത്വം നൽകുകയും ചെയ്തതിന്റെ പ്രതികാരമാണ് പ്രവീണിനെ തല്ലിചതയ്ക്കാൻ ഒരുവിഭാഗം പൊലീസുകാരെ പ്രേരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. ഈ സംഭവത്തിലും പൊലീസിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളനാണ് കോൺഗ്രസ് തീരുമാനം.