ആലപ്പുഴ: തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമയം പാലിക്കുന്നില്ലെന്ന് പരാതി ശക്തമാകുന്നു.ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുമായുള്ള മത്സര ഓട്ടത്തെ തുടർന്നാണ് സ്വകാര്യബസുകൾ സമയക്രമം പാലിക്കാത്തത്. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും മൗനം പാലിക്കുന്നതായാണ് യാത്രക്കാരുടെ ആക്ഷേപം. പലപ്പോഴും കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം പതിവ് സംഭവാണ്. മാസങ്ങൾക്ക് മുമ്പ് സർവീസ് നടത്തുന്നതുമായി ഉണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സ്വകാര്യബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു. വലിയഴീക്കൽ പാലം തുറന്നതോടെ കായംകുളം, ഹരിപ്പാട്, ആലപ്പുഴ, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്ന് കരുനാഗപ്പള്ളി- തോട്ടപ്പള്ളി ബസ് സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞിരുന്നു. ഇത് പലപ്പോഴും ജീവനക്കാർ തമ്മിൽ തർക്കത്തിലേക്കും സംഘർഷത്തിലേക്കും വഴിയോരുക്കുന്നു. എന്നാൽ രാത്രി 7ന് ശേഷം തോട്ടപ്പള്ളിൽ നിന്ന് വലിയഴീക്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താറില്ല. കൊവിഡിന് മുമ്പ് ആലപ്പുഴയിൽ നിന്ന് വലിയഴീക്കൽ സ്റ്റേ ബസ് സർവീസ് നടത്തിയിരുന്നു. നല്ലകളക്ഷൻ ലഭിച്ചിരുന്ന റൂട്ടിൽ സ്റ്റേ ബസ് നിർത്തലാക്കിയത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴിതുറന്നു. രാത്രി 11 വരെയാണ് ഈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്. ഒരു ബസ് പോലും രാത്രിയിൽ സർവീസ് ഇല്ലാത്തത് ജനത്തെ വലക്കുന്നു.
...............
"കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും വലിയഴീക്കൽ സ്റ്റേ ബസ് സർവീസ് പുനരാംഭിക്കണം. കളക്ഷൻ ലഭിക്കുന്ന സമയത്ത് മാത്രമല്ല സേവനത്തിന്റെ പാത കൂടി ഇരുമാനേജ്മെന്റും സ്വീകരിക്കണം.
സന്തോഷ്, യാത്രക്കാരൻ