
മുഹമ്മ: മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടിത്തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. സ്കൂളിനോട് ചേർന്നുള്ള സെന്റ് മാത്യൂസ് ചർച്ചിന്റെ സ്ഥലത്ത് പയർ, വിവിധയിനം വെണ്ട, വഴുതന, പടവലം, പാവൽ, ചീര, കുക്കുമ്പർ, പച്ചമുളക്,കോളിഫ്ലവർ,മത്തൻ,തണ്ണിമത്തൻ,പൊട്ടുവെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്‌തത്. പി.ടി.എ വൈസ് പ്രസിഡന്റ് സി.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് കൃഷി ഒരുക്കിയത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള കറികൾക്കും ഇവിടത്തെ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. മുൻ പ്രഥമാദ്ധ്യാപിക ജോളി തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ വൈസ് പ്രസിഡന്റ് സി.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി.കൃഷിക്ക് നേതൃത്വം നൽകിയ സി.ആർ.അനിൽ കുമാർ, സനീഷ്, രതീഷ്, സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രഥമാദ്ധ്യാപിക എം.വൈ.അന്നമ്മ, ചർച്ച് വർക്കർ പി.എം.ഐസക്, കൃഷി ഓഫീസർ പി.എം.കൃഷ്ണ, ഹരിതമിത്രം അവാർഡ് ജേതാവ് കെ.പി.ശുഭകേശൻ, മുൻ പി. ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, സ്റ്റാഫ് സെക്രട്ടറി ഷീന ജോസഫ് എന്നിവർ സംസാരിച്ചു.