# കാൽ ലക്ഷംവരെ പിഴ ഈടാക്കാവുന്ന കുറ്റം
ആലപ്പുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും ജില്ലയിൽ ജലമോഷണം തകൃതി. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാത്രം ഒരു ഡസനോളം മോഷണക്കേസുകളാണ് കൈയോടെ പിടികൂടിയത്.
പ്രധാന മീറ്റർ പൈപ്പിൽ നിന്ന് മോട്ടോറിന്റെ സഹായത്തോടെ വെള്ളം ഊറ്റിയെടുക്കുന്ന രീതിയാണ് ഏറ്റവും കൂടുതൽ പിടിക്കപ്പെട്ടത്. നാടും നഗരവും കുടിവെള്ളം കിട്ടാതെ വലയുമ്പോഴാണ് മറുവശത്ത് മോട്ടോറും ഹോസും വരെ ഉപയോഗിച്ച് ജലം മോഷ്ടിച്ച് വലിയ ടാങ്കുകളിൽ സംഭരിക്കുന്നത്.
കണക്ഷനെടുക്കാതെ പൊതുപൈപ്പിൽ നിന്ന് പുതിയ പൈപ്പ് വലിച്ച് ജലം ശേഖരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇവർ എത്ര നാളായി മോഷണം നടത്തുവെന്ന് വിലയിരുത്തി, ഉപയോഗിച്ച വെള്ളത്തിന്റെ അളവ് കണക്കാക്കി പിഴ ഈടാക്കും. മോട്ടോർ ഉപയോഗിച്ച് നിരന്തരമായി ജലചൂഷണം നടത്തുന്നത് പ്രദേശത്തെ ജലവിതരണ സംവിധാനത്തെ താറുമാറാക്കും. കണക്ഷൻ വിച്ഛേദിക്കൽ മുതൽ കാൽ ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ജല മോഷണം.
പരിശോധനയിൽ കണ്ടത്
# മീറ്ററിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ജലമോഷണം
# പൊതുപൈപ്പിൽ നിന്ന് വീട്ടിലേക്ക് പൈപ്പുവലിച്ച് ജലശേഖരണം
അറിയിച്ചാൽ പാരിതോഷികം
വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജലദുരുപയോഗവും മോഷണവും കൃത്യമായി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകും. ചുമത്തുന്ന പിഴയുടെ 10 ശതമാനം (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിട്ടി രഹസ്യമായി സൂക്ഷിക്കും. വിവരം വാട്ടർ അതോറിട്ടിയുടെ ടോൾ ഫ്രീ നമ്പരായ 1916ലും വിളിച്ചറിയിക്കാം. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്‌സിക്യുട്ടീവ് എൻജിനിയറുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയക്കാം.
ജലമോഷണം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. മോഷണം തടയാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു
- ബെൻ ബ്രൈറ്റ്, പി.എച്ച് സബ് ഡിവിഷൻ, ആലപ്പുഴ