ആലപ്പുഴ: ചുങ്കം - പള്ളാത്തുരുത്തി തോട്ടിൽ തിങ്ങി നിറഞ്ഞ പോള നീക്കാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. പോള നീക്കൽ യന്ത്രം ഉപയോഗിച്ച് പത്ത് ദിവസംക്കൊണ്ട് കനാലിനെ പോള മുഴുവനായും നീക്കാനായിരുന്നു പദ്ധതി. എന്നാൽ ഒരു മാസമെടുത്താലും പ്രവൃത്തി പൂർത്തിയാകാൻ നിലവിലെ യന്ത്രത്തിന് സാധിക്കില്ലെന്ന വിലയിരുത്തിലാണ് നഗരസഭാ അധികൃതർ. ഇതിനിടെ ഇന്നലെ രാവിലെ മുതൽയന്ത്രം പണിമുടക്കിയതോടെ പോള വാരൽ താത്കാലികമായി നിറുത്തി വച്ചു . ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി ഏതാനും ദിവസം മുമ്പാണ് വീഡ് ഹാർവസ്റ്റർ എത്തിച്ച് പോള നീക്കാനാരംഭിച്ചത്. പ്രതിദിനം 35 ലിറ്റർ ഡീസലാണ് നഗരസഭ വാങ്ങി നൽകുന്നത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ പ്രവൃത്തി മുന്നോട്ട് നീങ്ങുന്നില്ല. ചുങ്കം പള്ളാത്തുരുത്തി കനാലിന് പുറമേ ഉപ്പൂറ്റി കനാലടക്കം പല ഭാഗങ്ങളിൽ പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്.
ചുങ്കം തോട്ടിൽ മൂന്ന് മാസത്തിലേറെയായി പോള തിങ്ങിനിറഞ്ഞ് ഇതുവഴിയുള്ള ജലഗതാഗതം പൂർണമായും നിലച്ചിട്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇഴയുന്നത്. കുട്ടനാട്ടിലെ കൈനകരി ഭാഗത്ത് നിന്നുള്ളവരാണ് ഈ തോടിനെ പ്രധാനമായും ആശ്രയിക്കുന്നത്. വിത്ത്, വളം, കീടനാശിനി, പണിയായുധങ്ങൾ, വീട്ടു സാധനങ്ങൾ തുടങ്ങിയവ കുട്ടനാട്ടിലേക്ക് വള്ളത്തിൽ കൊണ്ടുപോയിരുന്നത് ഈ തോട് വഴിയാണ്. ദിവസേന വളർന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന പോളകാരണം ചെറുവള്ളങ്ങളുടെയും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെയും സഞ്ചാരം ഇപ്പോഴും പ്രതിസന്ധിയിലാണ്.
..............
''നിലവിൽ പോളവാരുന്ന യന്ത്രം ഫലപ്രദമല്ലന്ന് വിലയിരുത്തലുണ്ട്. പരിശോധിച്ച് പകരം സംവിധാനം ഏർപ്പെടുത്തും
പി.എസ്.എം.ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ
''നിലവിലെ സ്ഥിതിയിലാണ് പോള വാരൽ തുടരുന്നതെങ്കിലും ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും പ്രവൃത്തി പൂർത്തിയാക്കാൻ. അപ്പോഴേക്കും മറുവശത്ത് വീണ്ടും പോള വളർന്നു തുടങ്ങും.
- പി.ജെ.കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കിസാൻ ജനത