ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1197-ാം നമ്പർ ഉമയാറ്റുകര ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് , ചെങ്ങന്നൂർ പൊലീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിസഹകരണത്തിലും ചിറ്റമ്മനയത്തിലും എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനും പോഷക സംഘടനകളും പ്രതിഷേധിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ വിഷ്ണു, കൺവീനർ വിനീത് വിജയൻ, വൈദികയോഗം ചെയർമാൻ സൈജു ശാന്തി, കൺവീനർ ജയദേവൻശാന്തി തുടങ്ങിയവർ പങ്കെടുത്തു. ഹൈക്കോടതിയുടെ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് യോഗത്തിന് കീഴിലെ ശാഖകളും ഗുരുദേവ ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നടത്തി വരുന്നത്.
മറ്റ് ജാതിമത, രാഷ്ട്രീയ സംഘടനകൾ ഇതിന് വിരുദ്ധമായി രാത്രിയിൽ ഉച്ചഭാഷിണി മുഴക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന പൊലീസ്, ശാഖകളുടെയും ഗുരുദേവ ക്ഷേത്രങ്ങളുടെയും ആഘോഷങ്ങളിൽ മാത്രം കർശന നയം നടപ്പാക്കാൻ കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.