
മാന്നാർ : കുവൈത്തിൽ നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലിൽ രാഘവന്റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടിൽ ഷൈജുരാഘവനെ (46) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ റൂമിൽ നിന്ന് പുറത്തു പോയ ഷൈജുവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സമീപപ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുവൈറ്റിലെ അൽഗാനിം എന്ന കമ്പനിയിൽ ടെക്നീഷ്യനായിരുന്നു. എസ്.എച്ച്.ബി.സി കമ്പനിയിൽ നിന്നും ആറ് മാസം മുമ്പാണ് പുതിയ ജോലിയിൽ പ്രവേശിച്ചത്. ഒ.ഐ.സി.സി കുവൈത്തിന്റെ നേത്യത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.
ഭാര്യ: രാധിക ഷൈജു. മക്കൾ : അമൃത, ആദിദേവ്.