
ആലപ്പുഴ: ''പ്രായപൂർത്തിയായ പെൺമക്കൾക്ക് വസ്ത്രം മാറാൻ അമ്മമാർ സാരി വലിച്ചുകെട്ടി താൽക്കാലിക മറയുണ്ടാക്കും. പ്രാഥമികാവശ്യങ്ങൾക്ക് അയൽപക്കത്തെ വീടുകളിൽ പോകും. ഷട്ടറിട്ട വാർത്ത കെട്ടിടത്തിലെ ഒറ്റ മുറിയിലാണ് അഞ്ച് കുടുംബങ്ങളുടെ പാചകവും താമസവും.'' അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നീർക്കുന്നം പുതുവൽ വീട്ടിൽ ലീല (65) വാക്കുകൾ പറഞ്ഞവസാനിക്കും മുമ്പ് വിങ്ങിപ്പൊട്ടി. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രദേശത്തെ ഷിഷറീസ് വകുപ്പിന്റെ ഒഴിഞ്ഞ കെട്ടിടത്തിൽ താമസിക്കാൻ തുടങ്ങിയിട്ട് ഈ മാസം 28ന് ഒരു വർഷം പൂർത്തിയാകും. റവന്യു വകുപ്പിന്റെയും മത്സ്യഫെഡിന്റെയും അധികൃതരെത്തിയാണ് ഒഴിഞ്ഞുകിടന്ന കെട്ടിടം തുറന്നു നൽകിയത്. ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങളും നൽകി. എന്നാൽ പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വീട്ടമ്മമാർ പറയുന്നു. കഴിഞ്ഞ ജനുവരി 25ന് രാത്രിയാണ് അഞ്ച് വീടുകൾ കടലെടുത്തത്. 28 മുതൽ മത്സ്യഫെഡ് കെട്ടിത്തിലേക്ക് കട്ടിലും, ഗ്യാസും, അടുപ്പും അടക്കം കൈയിൽ കിട്ടിയതുമായി താമസമാരംഭിച്ചു. മൂന്ന് മാസം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടതോടെ ഒരു കുടുംബം കൂടി ഇവർക്കൊപ്പമെത്തി. ഇതോടെ ആറ് കുടുംബങ്ങളിലായി കൈക്കുഞ്ഞുൾപ്പടെ ഇരുപതംഗങ്ങളാണ് ഒറ്റമുറിയിൽ കഴിയുന്നത്.
കുടിയിറക്ക് ഭീഷണി
വാടയ്ക്ക് പോകാൻ നിർവാഹമില്ലാതെ നിസ്സഹായാവസ്ഥയിൽ നിന്ന കുടുംബങ്ങൾക്ക് താമസിക്കാനിടം നൽകിയ മത്സ്യഫെഡ് തന്നെ ഇപ്പോൾ തങ്ങളോട് കെട്ടിടം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണെന്ന് വീട്ടുകാർ പറയുന്നു. പകരം സംവിധാനം ഒരുക്കിനൽകാതെ ഒഴിയില്ലെന്ന നിലപാടിലാണിവർ. കടലാക്രമണത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങി വീട് പണിയാൻ പത്ത് ലക്ഷം രൂപ അനുവദിക്കുന്ന പുനർഗേഹം പദ്ധതിയാണ് നിലവിലുള്ളത്. സ്ഥലം അന്വേഷിച്ചിറങ്ങിയവർക്ക് സെന്റിന് മൂന്ന് ലക്ഷം രൂപ വില കേട്ട് നിരാശരായി മടങ്ങേണ്ടി വന്നു. മൂന്ന് സെന്റ് സ്ഥലം വാങ്ങിയാൽ അവശേഷിക്കുന്ന ഒരുലക്ഷം രൂപ കൊണ്ടെങ്ങനെ വീട് യാഥാർത്ഥ്യമാക്കുമെന്നാണിവരുടെ ചോദ്യം. ഇതിനിടെ ഒരു കുടുംബം സ്ഥലം കണ്ടെത്തിയതായി അറിയിച്ച് മത്സ്യഫെഡിനെ സമീപിച്ചപ്പോൾ, അനുവദിക്കാൻ ഖജനാവിൽ പണമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വീട്ടുകാർ പറയുന്നു.
പെരുവഴിയാധാരം
ഗതികേടുകൊണ്ടാണ് ഇവിടെ കിടക്കുന്നത്. കോളേജിൽ പോകുന്ന പെൺമക്കളെയും കൊണ്ട് പെരുവഴിയിലേക്കിറങ്ങാൻ പേടിയാണ്. അമ്മമാരായ സിന്ധുവും, ഹൈറുനിസയും ഒരേ സ്വരത്തിൽ പറഞ്ഞു. കെട്ടിടത്തിലേക്ക് റോഡിൽ നിന്നുള്ള പൊടി തുടർച്ചയായി അടിച്ചുകയറിയതോടെ പുതുവൽ ലീലയുടെ മകൾ അശ്വതിക്ക് (39) വിമ്മിഷ്ടം കടുത്ത് എട്ട് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞു. ചികിത്സയ്ക്ക് അമ്പതിനായിരം രൂപയോളം ചെലവായി. പൊടി അടിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതോടെ വാടയ്ക്ക് വീടെടുത്ത് കഴിഞ്ഞ ദിവസം അശ്വതിയെ മാറ്റി താമസിപ്പിച്ചു. ഇത്ര ദിവസവും കടം വാങ്ങി പിടിച്ചു നിന്നു. അടുത്ത മാസത്തെ വാടകയ്ക്ക് എന്തുചെയ്യുമെന്നറിയാത്ത നിസ്സഹായാവസ്ഥിലാണ് കുടുംബം. അശ്വതിയുടെ വിദ്യാർത്ഥികളായ മക്കൾ അമ്മുമ്മയ്ക്കൊപ്പം മത്സ്യഫെഡ് കെട്ടിടത്തിലുണ്ട്. ഭർത്താവുമായി പിരിഞ്ഞ് കൈക്കുഞ്ഞുമായി മടങ്ങിയെത്തിയ യുവതിയും കിടപ്പാടമില്ലാത്തതിനാൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഈ ഒറ്റമുറി കെട്ടിടത്തിത്തിലാണിപ്പോൾ താമസിക്കുന്നത്.
കോടികളുടെ ആർഭാടം കാണിച്ച് നവകേരള പരിപാടി നടത്തുന്ന സർക്കാരെന്താ ഞങ്ങളുടെ കാര്യം തിരക്കാത്തത്? താമസിക്കാൻ കിടപ്പാടം ലഭിക്കാതെ ഞങ്ങൾ കെട്ടിടം ഒഴിയില്ല
ലീല, പുതുവൽവീട്