sfrw

മുഹമ്മ: ഗുരുമന്ദിരത്തിന് അടിയിൽ പണിത ചതുരക്കുളത്തിലെ മീൻവളർത്തൽ കൗതുകമാകുന്നു. മണ്ണഞ്ചേരി ഐ.ടി.സി ജംഗ്ഷന് സമീപത്തെ ശ്രീഗുരുദേവ സ്മാരക ഭജന സമിതി ആൻഡ് ചരമസഹായ സംഘം ഓഫീസിന് മുന്നിലെ ഗുരുമന്ദിരത്തിന് അടിയിലായിട്ടാണ് ഈ അപൂർവമത്സ്യക്കുളം. ഒന്നര മീറ്ററിലധികം താഴ്ചയുള്ള കോൺക്രീറ്റ് കുളത്തിന്റെ വശങ്ങളിലായി ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് തൂണുകളിലാണ് ഗുരുദേവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗുരുമന്ദിരത്തിലെ നിവേദ്യവും ഭക്തർനൽകുന്ന തീറ്റയും കഴിച്ചാണ് കുളത്തിലെ സിലോപ്പിയയും കാരിയുമെല്ലാം സമൃദ്ധമായി വളരുന്നത്. മാത്രമല്ല,​ മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത് ഭക്തന്മാരുടെ വിനോദമായും മാറിയിട്ടുണ്ട്. ആറ് വർഷം മുമ്പാണ് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചത്. അന്നുമുതൽ ചെറിയൊരു ഇടവേള ഒഴിച്ചാൽ ഇന്നുവരെ മീൻവളർത്തൽ വിനോദമായി നടന്നുവരുന്നു. വർഷത്തിൽ രണ്ടുപ്രാവശ്യം പിടിച്ചെടുക്കുന്ന മീൻ വീതംവച്ചെടുക്കുകയാണ് പതിവ്.

അയ്യായിരം സഹായം

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു കുരിയാലയിൽ ഗുരുവിന്റെ ഫോട്ടോവച്ചുകൊണ്ടാണ് ശ്രീഗുരുദേവ സ്മാരക ഭജന സമിതി ആൻഡ് ചരമസഹായ സംഘം പ്രവർത്തനം ആരംഭിച്ചത്. മരണവീടുകളെ സാമ്പത്തികമായും പന്തൽ,​ കസേര തുടങ്ങിയവ എത്തിച്ചും സഹായിക്കുകയും,​ ഗുരുസന്ദേശം പ്രചരിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. അംഗങ്ങളിൽ നിന്ന് മാസവരി പിരിച്ചായിരുന്നു ആദ്യകാല പ്രവർത്തനം. എന്നാൽ,​ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ കൊണ്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. പന്തലുകാർ വ്യാപകമായതോടെ ഇപ്പോൾ ആരും സമീപിക്കാറില്ലെന്നും എന്നാൽ,​ സഹായമായി 5000 രൂപ മരണവീടുകളിൽ എത്തിച്ചു വരുന്നതായും ഭാരവാഹികൾ പറയുന്നു.