# അധിക നെല്ല് നൽകിയ കർഷകർക്ക് പണം വൈകുന്നു
ആലപ്പുഴ: രണ്ടാം കൃഷിയിൽ സപ്ളൈകോയ്ക്ക് 22 ക്വിന്റലിന് മുകളിൽ നെല്ല് കൈമാറിയ കർഷകർ വില കിട്ടാതെ വലയുന്നു. മികച്ച വിളവ് ലഭിച്ച കർഷകർക്കാണ് ഈ അധിക ദുരിതം. ഒരേക്കർ സ്ഥലത്തെ കൃഷിയിലെ മികച്ച വിളവിലൂടെ സംഭരിച്ച നെല്ലാണിതെന്ന് കൃഷി ഓഫീസർമാർ സാക്ഷ്യപത്രം നൽകിയാലേ പാഡി മാർക്കറ്റിംഗ് ഓഫീസർമാർ സപ്ളൈകോയ്ക്ക് ഇവരുടെ പേയ്മെന്റ് ലിസ്റ്റ് കൈമാറു. പല കൃഷി ഓഫീസുകളിൽ നിന്ന് സാക്ഷ്യപത്രം പാഡി മാർക്കറ്റിംഗ് വിഭാഗത്തിന് കൈമാറുന്നതിലുണ്ടാകുന്ന കാലതാമസമാണ് കർഷകർക്ക് പണം ലഭിക്കാൻ തടസമാകുന്നത്. കുട്ടനാട്ടിലെ അരലക്ഷത്തോളം വരുന്ന കർഷകരിൽ മികച്ച വിളവ് ലഭിച്ച പതിനായിരത്തിലധികം കർഷകർക്കാണ് വിളവെടുപ്പ് അവസാനിക്കാറായിട്ടും പണം ലഭിക്കാത്തത്.
ഇത്രയും കാലം രണ്ടാം കൃഷിക്ക് ഇതു ബാധകമായിരുന്നില്ല. പുഞ്ചകൃഷി സീസണിൽ ഏക്കറിന് മുപ്പത് ക്വിന്റലിലധികം വിളവ് ലഭിക്കുന്ന കർഷകർ ഈ സാക്ഷ്യപത്രം നൽകിയാൽ മതിയായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്ന് നെല്ലെത്തിച്ച് പി.ആർ.എസ് വായ്പ ദുരുപയോഗം ചെയ്യുന്നതൊഴിവാക്കാനായിരുന്നു ഇത്.
കടമ്പകൾ അനവധി
1.മികച്ച വിളവെന്ന് കൃഷി ഓഫീസറെ ബോദ്ധ്യപ്പെടുത്തണം. തുടർന്ന് കൃഷി ഓഫീസർ സാക്ഷ്യപത്രം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം
2.സാക്ഷ്യപത്രം സപ്ളൈകോയുടെ പേയ്മെന്റ് വിഭാഗത്തിൽ ലഭിച്ചാൽ മാത്രമേ ബാങ്കുകൾക്കുള്ള ലിസ്റ്റിൽ പേര് ഉൾപ്പെടുത്തു.
3. ഇതെല്ലാം കൃഷി ഓഫീസർ ഉടൻ ചെയ്തുകൊടുക്കുമെന്നോ, മറ്റു നടപടികൾ പൂർത്തിയാക്കുമെന്നാേ യാതൊരു ഉറപ്പുമില്ല
രണ്ടാം കൃഷി
നെല്ല് സംഭരണം
പണം നൽകിയത്
12372കർഷകർ : 104.57 കോടി (ഇന്നലെവരെ)
പണം ലഭിക്കാനുള്ളത് : 11716 കർഷകർ
കിട്ടാനുള്ളത്: 99.77 കോടി
2200 കിലോയിൽ കൂടുതൽ
നെല്ല് കൈമാറിയവർ : 10043
സംഭരണവില (കി.ഗ്രാം): ₹ 28.32
പ്രതീക്ഷിക്കുന്ന വിളവ്: 38500 മെട്രിക് ടൺ
സംഭരിച്ച നെല്ല്: 36,926 മെട്രിക് ടൺ
........................................
കൃഷി ഓഫീസുകളിൽ നിന്ന് പാഡി പേയ്മെന്റ് ഓഫീസുകളിലേക്കുള്ള സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകി കർഷകർക്ക് പണം ലഭ്യമാക്കണം
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
................................
കൃഷി ഓഫീസുകളിലെ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പണം
വൈകാൻ കാരണം
- പാഡിപേയ്മെന്റ് ഓഫീസ്, കുട്ടനാട്