ആലപ്പുഴ: നഗരത്തിലെ ആധുനിക നിർമ്മിതിയായ ഇരുമ്പുപ്പാലത്തിന് സമീപമുള്ള നടപ്പാലം ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യത്തിൽ നഗരസഭാ തലത്തിൽ ചർച്ചകൾ ആരംഭിച്ചു. ഇന്നലെ ചേർന്ന യോഗത്തിൽ വിഷയത്തിൽ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു. പാലത്തിന്റെ ഉയരമാണ് റാമ്പ് സ്ഥാപിക്കുന്നതിന് വെല്ലുവിളിയായി ഒരു വിഭാഗം ഉയർത്തി കാട്ടിയത്. ഇന്നലെ ചേർന്ന യോഗത്തിൽ മുനിസിപ്പൽ എൻജിനീയർ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അടുത്ത ദിവസം ചേരുന്ന യോഗത്തിലാവും റാമ്പ് സ്ഥാപിക്കാൻ സാധിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുക. പാലമുൾപ്പടെ നഗരത്തിലെ പുതിയ നിർമ്മിതികൾ ഭിന്നശേഷി സൗഹൃദമാകണമെന്നാണ് നഗരസഭാധികൃതരുടെ ഭൂരിപക്ഷ നിലപാട്. റാമ്പ് വന്നാൽ പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ അനധികൃതമായി പ്രവേശിക്കുമെന്ന വാദവും ഉയരുന്നുണ്ട്. ഇരുമ്പുപാലത്തിന്റെ നിർമ്മാണം 90 ശതമാനവും പൂർത്തിയായ ഘട്ടത്തിൽ വിവാദമുയർന്നതാണ് അടിയന്തര തീരുമാനമെടുക്കാൻ വൈകുന്നതിന് കാരണം. പാലത്തിന്റെ ഇരുകരകളിലും രണ്ട് വശങ്ങളിലായി നാല് ഇരുമ്പ് പടിക്കെട്ടുകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. റാമ്പ് സ്ഥാപിച്ചാൽ പുത്തൻ പാലത്തിൽ നിന്ന് കാഴ്ച്ചകൾ ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്കും സാധിക്കും. കനാൽകാഴ്ച്ചകൾക്ക് പുറമേ എഫ്.എം റേഡിയോ, ലൈറ്റിംഗ് സംവിധാനങ്ങൾ, സെൽഫി പോയിന്റ് എന്നിവയടക്കമാണ് പാലത്തിൽ ഒരുങ്ങുന്നത്.

........

''ഞങ്ങളുടെ ആവശ്യത്തിൽ നഗരസഭ അനുഭാവപൂർമണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരെ പോലെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സമൂഹത്തിനും അവകാശപ്പെട്ടതാണ്.

ജാഫർ പുന്നപ്ര, ജില്ലാ സെക്രട്ടറി, വീൽ ചെയർ അസോസിയേഷൻ