
മാന്നാർ : തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ പരുമലക്കടവിൽ കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറോളം വാഹനങ്ങൾ തകരുകയും ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. പരുമലക്കടവിലെ ട്രാഫിക് സിഗ്നലിനോട് ചേർന്ന് ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് അമിതവേഗതയിൽ വന്ന കാർ സിഗ്നൽ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ റോഡിലേക്ക് തെറിച്ച് വീണു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർ ദിശയിലെ ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയതോടെ മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്കും രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. തെറിച്ചുവീണ ഓട്ടോറിക്ഷ ഡ്രൈവർ നിരണം, തേവേരി മട്ടക്കൽ വീട്ടിൽ സോണിക്ക് പരിക്കുപറ്റി. ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മാന്നാർ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.