
അരൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് മറൈൻ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എരമല്ലൂർ കൂറ്റുതറ വീട്ടിൽ ജൂഡിന്റെയും ജിജിയുടെയും മകൻ കെ.ജെ. സജി (24) ആണ് മരിച്ചത്. എഴുപുന്ന - കുമ്പളങ്ങി റോഡിൽ വാടക്കയ്കത്ത് പള്ളിക്ക് തെക്കു ഭാഗത്ത് ഇന്നലെ പുലർച്ചേ 12.30 നായിരുന്നു അപകടം.കുമ്പളങ്ങി പഴങ്ങാട് പള്ളി തിരുന്നാളിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നുഅപകടം. പിന്നാലെ വരികയായിരുന്ന സുഹൃത്തുക്കൾ സജിയെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെന്നൈയിൽ മറൈൻ എൻജിനിയറിംഗിന് പഠിക്കുകയായിരുന്നു സജി. സഹോദരൻ:സിബി.