
മുഹമ്മ: മണ്ണഞ്ചേരി ഗവ. സിദ്ധാ ഡിസ്പെൻസറിക്ക് (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ) ദേശീയ അംഗീകാരം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ്(എൻ. എ. ബി. എച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേനാണ് ഡിസ്‌പെൻസറിക്ക് ലഭിച്ചത്.
ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങൾക്കാണ് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ ലഭിച്ചത്. ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സംസ്ഥാനത്തു നിന്ന് ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 150 സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഏക സിദ്ധ ഡിസ്പെൻസറിയാണ് മണ്ണഞ്ചേരി ഗവ.സിദ്ധാ ഡിസ്പൻസറി. 1985ലാണ് മണ്ണഞ്ചേരിയിൽ സിദ്ധാ ഡിസ്പെൻസറി തുടങ്ങുന്നത്.2005 ൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും പിന്നീട് 2021 ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററായി ഉയർത്തപ്പെടുകയും ചെയ്തു. രോഗീ പരിചരണം - സൗഹൃദം , അടിസ്ഥാന സൗകര്യം, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണവും വിതരണവും, ശുചിത്വം, ഭിന്നശേഷി സൗഹൃദം, തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്ര വിദഗ്ദ സംഘം ഡിസ്പൻസറിക്ക് അക്രഡിറ്റേഷൻ അനുവദിച്ചത്. സിദ്ധ ചികിത്സയിലൂടെയുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആശാ വർക്കർമാരുടെ സഹകരണത്തോടെ ചെയ്ത് വരുന്നുണ്ട്.
........
# ദേശീയ അംഗീകാരം
കൗമാരക്കാർക്കുള്ള ബോധവത്കരണം, വയോജന പരിപാലനം, മാനസിക ആരോഗ്യപരിപാലനം, ജീവിതശൈലി രോഗ ചികിത്സ, ഗർഭകാല, പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങൾക്കുളള ചികിത്സ, സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും പരിചരണം കൂടാതെ പകർച്ച വ്യാധി പ്രതിരോധം, പാലിയേറ്റീവ് പരിചരണം, സൗജന്യ യോഗ പരിശീലനം എന്നിങ്ങനെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനവും ഡിസ്പൻസറിയെ ഈ നേട്ടത്തിലേക്ക് പരിഗണിക്കുവാൻ കാരണമായി. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനവും പൂർണ്ണ പിന്തുണയുമാണ് ഡിസ്പൻസറിയെ ദേശീയ അംഗീകാരത്തിലേക്ക് നയിച്ചത്.
..........
''നാഷണൽ ആയുഷ് മിഷന്റെ കീഴിലെ പുതിയ പദ്ധതികളായ സിദ്ധാ മർമ്മ വിഭാഗം , പാലിയേറ്റീവ് ഓക്കോളജി വിഭാഗം എന്നീ പുതിയ രണ്ടു യൂണിറ്റുകൾ കൂടി ഡിസ്പെൻസറിയിൽ ആരംഭിക്കും.രണ്ട് യൂണിറ്റുകളും കേരളത്തിൽ ആദ്യമായി മണ്ണഞ്ചേരി സിദ്ധാ ഡിസ്പെൻസറിയിലാണ് തുടങ്ങുന്നത്. ഔഷധസസ്യ ഉദ്യാനവും ഡിസ്പൻസറിയിൽ ഒരുക്കിയിട്ടുണ്ട്.
ഡോ.സംഗമിത്ര,മെഡിക്കൽ ഓഫീസർ