suk

ആലപ്പുഴ: തോൾസഞ്ചി നിറയെ പുസ്തകവുമായി അക്ഷരവെളിച്ചം വീട്ടുപടിക്കലെത്തിക്കുന്ന സുകുമാരനൊരു കുഞ്ഞുവീട് വേണം. രോഗികളായ മകനും ഭാര്യയുമായി താമസിക്കാൻ ഒരിടം.കുമാരപുരം വായനശാലയിലെ ലൈബ്രേറിയനാണ് സുകുമാരൻ (64). 44 വർഷമായി കാൽനടയായി പുസ്തകങ്ങളെത്തിക്കുന്നു. പട്ടികജാതിക്കാരിയെ വിവാഹം കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കിയതോടെ 18 വർഷമായി വാടക വീട്ടിലാണ് താമസം. എട്ടു വർഷമായി താമസിക്കുന്ന പഴയ വീട് പുതുക്കിപ്പണിയുന്നതിന് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കയാണ്. 1250 രൂപയായിരുന്നു മാസവാടക.

മകൻ അനന്തകൃഷ്ണന് (15) സെറിബ്രൽ പാൾസിയാണ്. ഭാര്യ തുളസി (55) പ്രമേഹരോഗിയും. വായനശാലയുടെ പ്രതിമാസ അലവൻസായ 4120 രൂപയാണ് വരുമാനം. മകനുള്ള 1600 രൂപ പെൻഷൻ ലഭിച്ചിട്ട് നാല് മാസമായി.

നാൽപ്പത്തിയാറാം വയസിലാണ് സുകുമാരൻ തുളസിയെ കണ്ടുമുട്ടിയത്. തുളസിയുടെ അനുജത്തിയുടെ വിവാഹ വേളയായിരുന്നു അത്. ചൊവ്വാദോഷക്കാരിയായ ചേച്ചിയെ ഒപ്പം കൂട്ടാൻ അന്ന് തീരുമാനിച്ചു. കീഴ്ജാതിക്കാരിയെ കെട്ടുന്നതിനെ തച്ചന്മാരുടെ പാരമ്പര്യമുള്ള വീട്ടുകാർ എതിർത്തെങ്കിലും പിന്മാറിയില്ല. വിവാഹത്തലേന്ന് ജ്യേഷ്ഠൻ വീട്ടിൽ പൂട്ടിയിട്ടു. കൂട്ടുകാർ പൊലീസിനെ വിളിച്ച് വരുത്തി സുകുമാരനെ മോചിപ്പിച്ച് കല്യാണ മണ്ഡലപത്തിലെത്തിച്ചു. പിന്നീട് ജീവിതം വാടകവീട്ടിലായി.

 പുസ്തകം 107 വീടുകളിൽ

ബിരുദധാരിയാണ് സുകുമാരൻ. വായനശാലയുടെ വരുമാനം വർദ്ധിപ്പിക്കാൻ വീട്ടിൽ പുസ്തകമെത്തിക്കുന്ന ആശയം മുന്നോട്ടുവച്ചത് സുകുമാരനാണ്. ഒരു വീട്ടിൽ നിന്ന് മാസ വരി 5 രൂപയിൽ തുടങ്ങി. ഇപ്പോൾ 50 രൂപ. വായനശാലയ്ക്ക് സമീപത്തെ നാല് വാർഡുകളിലെ 107 വീടുകളിൽ പുസ്തകം നൽകും. വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനൊരു വിദ്യയും സുകുമാരൻ കണ്ടുപിടിച്ചു. നൽകിയ പുസ്തകത്തെക്കുറിച്ച് അടുത്ത ആഴ്ച ചോദ്യം ചോദിക്കും. മറുപടി നൽകാത്തവർക്ക് ആ ആഴ്ച പുതിയ പുസ്തകമില്ല. വിദ്യ ഫലം കണ്ടു. എല്ലാവരും കൃത്യമായി വായിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് വരിക്കാരിലധികവും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷന്റെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെ മികച്ച ലൈബ്രറിയൻ പുരസ്കാരം ലഭിച്ചു.

സ്വന്തം കാര്യം നോക്കാൻ കെൽപ്പില്ലാത്തൊരു കുഞ്ഞുണ്ട്. എന്റെ കണ്ണടയും മുമ്പ് അവന് തലചായ്ക്കാനൊരു കിടപ്പാടം,​ അതാണ് സ്വപ്നം

- പി.സുകുമാരൻ