dd

ആലപ്പുഴ: 10 മുതൽ 15 ഗ്രാം വരെയുള്ള ബിസ്‌ക്കറ്റിലെ രണ്ട് ഗ്രാം കൊഴുപ്പ് കണ്ടെത്താൻ വാങ്ങിയ 90 ലക്ഷത്തിന്റെ ഫാറ്റ് എക്‌സ്‌ട്രാക്ടറുകൾ ഭക്ഷ്യസുരക്ഷാ അനലറ്റിക്കൽ ലാബുകളിൽ പൊടിപിടിക്കുന്നു. ആറുമാസം മുമ്പ് ഭക്ഷ്യസുരക്ഷാകമ്മിഷണറാണ് ഫോസ് ഇന്ത്യ എന്ന കമ്പനിയുടെ സോക്സ് ടെക് 8000 മോഡലിലുള്ള മൂന്ന് ഫാറ്റ്എക്‌സ്‌ട്രാക്ടറുകൾ വാങ്ങിയത്. ഒരെണ്ണത്തിന് വില 30 ലക്ഷം.

സാധാരണ പരിശോധനയ്‌ക്ക് മൂന്ന് മണിക്കൂറാണ് വേണ്ടത്. എന്നാൽ വേഗത്തിൽ ഫലം ലഭിക്കുന്നതിന് വാങ്ങിയ ഫാറ്റ് എക്‌സ്‌ട്രാക്ടറുകളിലും പരിശോധന പൂർത്തിയാക്കാൻ മൂന്ന് മണിക്കൂറെടുക്കും. ഫലങ്ങളിലെ അവ്യക്തതയും, ജോലിഭാരവും കെമിക്കൽ ഉപയോഗവും കൂടി. ഫുഡ് സേഫ്റ്റി അതോറിട്ടി ഇന്ത്യയുടെ മാനുവൽ പ്രകാരം 25-50 മില്ലീ ലിറ്റർ കെമിക്കലേ പരിശോധനയ്‌ക്ക് ഉപയോഗിക്കാവൂ. എന്നാൽ മെഷീനിൽ ഒരുലിറ്രർ കെമിക്കൽ പരിശോധനയ്‌ക്ക് വേണ്ടിവരും. ഇതോടെയാണ് ലക്ഷങ്ങളുടെ ഉപകരണം മൂലയിലൊതുങ്ങിയത്.

തിരുവനന്തപുരം ലാബിൽ കീടനാശിനികളും പ്രിസർവേറ്റീവുകളും പരിശോധിക്കുന്നിടത്താണ് ഫാറ്റ് എക്സ്ട്രാക്ടറിന്റെ സ്ഥാനം. കൊച്ചിയിൽ പാൽ പരിശോധനാലാബിലും കോഴിക്കോട്ട് ബേക്കറി സാധനങ്ങളും എണ്ണയും പരിശോധിക്കുന്നിടത്തുമാണ് ഇവ പൊടിയടിക്കുന്നത്.

 അന്വേഷിക്കാൻ ജീവനക്കാരുടെ പരാതി

കാലിത്തീറ്റ, അരി, ഗോതമ്പുൾപ്പെടെയുള്ള ധാന്യങ്ങളിലെയും, ഇറച്ചിയിലെയും കൊഴുപ്പ് നിർണയിക്കമെന്നാണ് ഫാറ്റ് എക്സാട്രാക്ടിന്റെ കാറ്റലോഗിലുണ്ട്. എന്നാൽ ധാന്യം, ഇറച്ചി എന്നിവയിലെ കൊഴുപ്പിന്റെ അളവിന് ക്ഷ്യസുരക്ഷാ വിഭാഗം സ്റ്റാൻഡേർ‌ഡ് നിശ്ചയിച്ചിട്ടില്ല. കാലിത്തീറ്റ പരിശോധന മൃഗസംരക്ഷണ വകുപ്പിന്റെ പരിധിയിലുമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഉപകാരമില്ലാത്ത യന്ത്രങ്ങൾ പർച്ചേസ് കമ്മിറ്റി തന്നിഷ്ടപ്രകാരം വാങ്ങിയെന്നാണ് ആരോപണം. ഇതന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സംഘടനാതലത്തിൽ പരാതി നൽകി.

ഭക്ഷ്യസുരക്ഷാകമ്മിഷണറായി ചുമതലയേറ്റത് അടുത്തിടെയാണ് . ഫാറ്റ് എക്സ്ട്രാക്ടറിന്റെ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല.അന്വേഷിച്ച് നടപടിയെടുക്കും

- ജാഫർമാലിക്