ചേർത്തല: നഗരത്തിൽ സെന്റ് മേരീസ് പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിക്ക് പരാഹാരമായി. ജലഗതാഗതവകുപ്പിന്റെ നിർദ്ദേശപ്രകാരം ജലസേചനവകുപ്പ് നൽകിയിരുന്ന നിർത്തിവയ്ക്കൽ നോട്ടീസ് പിൻവലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിന് തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിൽ അനുമതിയായി. മന്ത്റി പി.പ്രസാദിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിലാണ് നിർണ്ണായക തീരുമാനം.
ഇത് അനുസരിച്ച് നിലവിലെ രൂപകൽപ്പന പ്രകാരം തന്നെ നിർമ്മാണം തുടരാം.യോഗ തീരുമാനം ഉത്തരവായി ഇറങ്ങുന്നതോടെ നിർമ്മാണം പുനരാരംഭിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയെ കൂടാതെ പൊതുമരാമത്ത്, ജലസേചനവകുപ്പ് സെക്രട്ടറിമാർ, ഇരു വകുപ്പുകളിലെയും ചീഫ് എൻജിനിയർമാർ,പൊതുമരാമത്ത് പാലംവിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
രൂപകൽപ്പന മാറ്റണ്ട
ആറരക്കോടി രൂപ മുടക്കിയുള്ള പൊതുമരാമത്ത് വകുപ്പിന്റെ പാലം നിർമ്മാണം തുടങ്ങിയത് 2022 ജൂലൈയിലായിരുന്നു.സാങ്കേതിക തടസങ്ങളെ തുടർന്ന് നിർമ്മാണം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ മന്ത്റി പി.പ്രസാദ് പ്രത്യേക യോഗം വിളിച്ച് 2023 നംബറിൽ പാലം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഇതോടെ നിർമ്മാണം ശരവേഗത്തിലെത്തി 45 ശതമാനം പിന്നിട്ടപ്പോഴാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിയനിയറുടെ നിർദ്ദേശ പ്രകാരം ജലഗതാഗതവകുപ്പ് നിർത്തിവയ്ക്കൽ നോട്ടീസുമായി രംഗത്തെത്തിയത്.
മൂന്നു മീറ്റർ ഉയരത്തിൽ രൂപകൽപന ചെയ്തിരുന്ന പാലം അഞ്ചുമീറ്ററാക്കി ഉയർത്തണമെന്നും രൂപകല്പനയിൽ ഭേദഗതികൾ വരുത്തണമെന്നും നിർദ്ദേശിച്ചായിരുന്നു നോട്ടീസ്. എന്നാൽ രൂപകൽപ്പനയിൽ മാറ്റം വരുത്തിയാൽ വലിയ രീതിയിൽ സ്ഥലം ഏറ്റെടുപ്പ് വേണ്ടിവരുകയും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ദുഷ്‌കരമാകുന്ന സ്ഥിതിയായിരുന്നു. പാലംനിർമ്മാണത്തിനായി നഗരത്തിൽ 16 മാസമായി ഗതാഗത നിയന്ത്റണങ്ങൾ തുടരുകയാണ്.