തുറവൂർ : നീർച്ചാലുകൾ അനധികൃതമായി നികത്തുന്നതിനെതിരെ എൻ.സി.പി അരൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. വേമ്പനാട്ട് കായലും വയലാർ കായലുമായി ബന്ധമുള്ള 10 മീറ്റർ മുതൽ 7മീറ്റർ വരെ വീതിയുള്ള പത്തോളം നീർച്ചാലുകളാണ് ചേർത്തല നഗരസഭ രണ്ടാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി ലോഡുകണക്കിന് പൂഴിയിട്ട് നികത്തുന്നത്. എറണാകുളം കേന്ദ്രമായ ഒരു സ്വകാര്യ കെട്ടിട നിർമ്മാണ കമ്പിനിയുടെ നേതൃത്വത്തിലാണ് 3 ഏക്കറിന് മുകളിൽ വരുന്ന സ്ഥലത്തെ കണ്ടൽക്കാടുകൾ വെട്ടി തെളിച്ച് നികത്തൽ നടത്തുന്നത്. എൻ.സി.പി ദേശീയ നേതാവിന്റെയും മകന്റെയും സഹായത്താലാണ് നീർച്ചാലുകൾ നികത്തുന്നതെന്ന് പറയുന്ന കമ്പിനി ലീഗൽ ഡയറക്ടറുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പ് ഉണ്ടാക്കിയ നടപടിയിൽ പ്രതിക്ഷേധിക്കുന്നതായും നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അനധികൃത നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും നാഷലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാപ്രസിഡൻ്റ് അബ്‌ദുൽ ബഷീർ, എൻ.സി.പി അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ റാഫേൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.