ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നീല കുപ്പായമണിഞ്ഞ് പോകുന്ന വഴിയെല്ലാം അടയാളങ്ങൾ രേഖപ്പെടുത്തി സഞ്ചരിച്ച വിദേശികൾ കൗതുക കാഴ്ച്ചയായി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഇരുന്നൂറംഗ വിദേശ സംഘമാണ് ഇന്നലെയും ഇന്നുമായി നഗരത്തിൽ ഓടി നടക്കുന്നത്. സഞ്ചാരത്തിലൂടെ സന്തോഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാണ് മദ്രാസ് ഹാഷ് ഹൗസ് ഹാരിയേഴ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ ഇന്നലെ ആലപ്പുഴയിലെത്തിയത്. രാവിലെ മുതൽ പള്ളാത്തുരുത്തി, ചുങ്കം, മുല്ലയ്ക്കൽ പ്രദേശങ്ങളിലായിരുന്നു സഞ്ചാരം. പോയ വഴികളിൽ പിന്നാലെ എത്തുന്നവർക്ക് അടയാളമായി വെളുത്ത പൊടി കൊണ്ട് വട്ടത്തിൽ അടയാളപ്പെടുത്തിയാണ് സംഘം നീങ്ങിയത്. രാവിലെ യാത്ര ആരംഭിച്ച സംഘം വൈകിട്ട് അഞ്ച് മണിയോടെ താമസ സ്ഥലമായ ലേക്ക് പാലസ് ഹോട്ടലിൽ ഒത്തുചേർന്നു. 1938ൽ മലേഷ്യയിലാണ് ആദ്യത്തെ ഹാഷ് ഹൗസ് ഹാരിയേഴ്സ് സംഘം പിറവിയെടുക്കുന്നത്. പ്രത്യേക നിബന്ധനകളോ, ചട്ടങ്ങളോ ഇല്ലാതെ നിശ്ചിത തിയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുകയാണ് സംഘം. വിദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരും സംഘത്തിൽ അംഗങ്ങളാണ്. ഓരോ നാടിന്റെയും ഉൾപ്രദേശങ്ങൾ ഓടിനടന്ന് കാണുക, ആസ്വദിക്കുക, സമ്മർദ്ദം ഒഴിവാക്കുക, സന്തോഷിക്കു...ഇത്രമാത്രമാണ് ഹാഷ് ഹൗസ് ഹാരിയേഴ്സിന്റെ ലക്ഷ്യം. ആലപ്പുഴയിലെ സഞ്ചാരം ഞായറാഴ്ച്ച അവസാനിക്കും.