ചേർത്തല : ഫണ്ടും കെട്ടിടവുമായിട്ടും ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡിജി​റ്റൽ എക്സ്റേ യൂണി​റ്റ് പ്രവർത്തനം തുടങ്ങിയില്ല. 2019മേയിൽ എ.കെ.ആന്റണി എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഡിജി​റ്റൽ എക്സറേ യൂണി​റ്റിന് 20 ലക്ഷം അനുവദിച്ചത്.ഡിജി​റ്റൽ എക്സറേ മെഷീന് 10ലക്ഷവും,കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫ് മെഷീന് 10 ലക്ഷവുമായിരുന്നു.

ഡിജി​റ്റൽ എക്സറേ മെഷീൻ ഒരു വർഷം മുമ്പ് എത്തിയിരുന്നു. ചേർത്തല നഗരസഭ 10 ലക്ഷം മുടക്കി ഇതിനായി കെട്ടിടവും ഒരുക്കി. എന്നാൽ കമ്പ്യൂട്ടറൈസ്ഡ് റേഡിയേഗ്രാഫി മെഷീൻ എത്താത്തതാണ് തടസം. 2020ൽ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ മൂന്നു വർഷം പിന്നിടുമ്പോഴും മെഷീൻ എത്താത്ത് അട്ടിമറിയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.ഒന്നാമത്തെ മെഷീൻ എത്തി വർഷങ്ങൾ പിന്നിട്ടിട്ടും കൂട്ടത്തിൽ വേണ്ട മെഷീനായി കരാർ നടപടികൾ പോലു തുടങ്ങിയിട്ടില്ല. താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഡിജി​റ്റൽ എക്സറേ യൂണി​റ്റ്.

അട്ടിമറി അന്വേഷിക്കണം
കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീനായി നടപടികൾ സ്വീകരിക്കാത്തത് അട്ടിമറിയാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് കെ.സി .ആന്റണി ജില്ലാമെഡിക്കൽ ഓഫീസർക്കു പരാതി നൽകി. ചേർത്തലക്കാർക്കു സഹായകമായാണ് മുതിർന്ന നേതാവ് എ.കെ.ആന്റണി ഫണ്ട് അനുവദിച്ചത്.ഇതു ജനങ്ങൾക്കു പ്രയോജനകരമാക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ല.സ്വകാര്യ ലാബുകാരെ സഹായിക്കുന്നതാണ് നടപടിയെന്നും ഫണ്ട് നഷ്ടപ്പെടുത്താതെ അടിയന്തിരമായ മെഷീനായി ടെണ്ടർ നടപിടകൾ ആരംഭിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

നടപടികൾ തുടങ്ങി
ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള സാങ്കേതിക തടസങ്ങൾ മൂലമാണ് കരാർ നടപടികൾ നീണ്ടതെന്നും സമയബന്ധിതമായി ഇതു നടപ്പാക്കാൻ നടപടികൾ തുടങ്ങിയതായും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.