ആലപ്പുഴ: സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ 2 മെഗാ വാട്ട് സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.എസ്‌.ഐ.ഡി.സിയുടെ സ്ഥലത്ത് മാരിടൈം ക്ലസ്റ്ററിന്റെ ആദ്യപാദം ആരംഭിക്കുന്നത് ഫെബ്രുവരി 20 നുള്ളിൽ പ്രഖ്യാപിക്കും. ഓട്ടോകാസ്റ്റിന്റെ ദൈനംദിന ചെലവുകൾക്കായി പെട്രോൾ പമ്പ് ഔട്ട്ലെറ്റ് സ്ഥാപിക്കാനായി എൻ.ഒ.സി നൽകിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സ്ഥാപനത്തെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഓട്ടോകാസ്റ്റിലെ സൗരോർജ്ജ പദ്ധതിയിലൂടെ പ്രതിമാസം 10 ലക്ഷം രൂപ വൈദ്യുതി ചാർജ്ജ് ഇനത്തിൽലാഭിക്കാമെന്നും മന്ത്രി പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ഭായി, വാർഡ് മെമ്പർ സീമ ദിലീപ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ് ചെയർമാൻ അലക്സ് കണ്ണമല, മാനേജിംഗ് ഡയറക്ടർ വി.കെ.പ്രവി രാജ് തുടങ്ങിയവർ സംസാരിച്ചു.