ആലപ്പുഴ : കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് റേഷൻ വ്യാപാരികൾക്കു നൽകാമെന്നു സർക്കാർ വാഗ്ദാനം ചെയ്ത കമ്മിഷൻ രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസം കൊണ്ട് റേഷൻ വ്യാപാരികൾ. കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണ പ്രസാദ്, എ.കെ.ആർ.ആർ.ഡി.എ പ്രസിഡന്റ് ജോണി നെല്ലൂർ എന്നിവർ ഹൈക്കോടതിയിൽ നൽകിയ കേസിലാണ് അനുകൂലവിധിയുണ്ടായത്.

സംസ്ഥാനത്ത് 14 ജില്ലകളിലായി 14,160 റേഷൻ വ്യാപാരികൾക്ക് 48 കോടിയിൽ അധികം രൂപയാണ് സർക്കാർ കൊടുക്കാനുള്ളത്. 9,000ൽ താഴെ വ്യാപാരികളാണ് കേസിൽ കക്ഷി ചേർന്നത്. മറ്റ് വ്യാപാരികളും കക്ഷി ചേരാൻ തുടങ്ങി. 13 മാസം കിറ്റ് കൊടുത്തതിൽ മൂന്ന് മാസത്തെ കമ്മിഷൻ മാത്രമാണ് അനുവദിച്ചത്. ശേഷിച്ച 10 മാസത്തേക്കുള്ള കമ്മിഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും സർക്കാർ അത് പാലിച്ചില്ല. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി നടപ്പാക്കാൻ ഉത്തരവായി. കമ്മീഷൻ വിതരണം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കിറ്റ് വിതരണം സേവനമായി കരുതണമെന്നായിരുന്നു സർക്കാർ നിലപാട്. 3.5 കോടിയിലധികം രൂപയാണ് ജില്ലയിലെ റേഷൻ വ്യാപാരികൾക്ക് കിറ്റ് വിതരണം ചെയ്ത ഇനത്തിൽ നൽകാനുള്ളത്. കിറ്റ് ഒന്നിന് ഏഴ് രൂപ നിരക്കിൽ കമ്മിഷൻ നൽകാമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. ജില്ലയിൽ 1240 റേഷൻ കടകൾ വഴി 60 ലക്ഷത്തിലധികം കിറ്റാണ് വിതരണം ചെയ്തത്.

കൈ പൊള്ളി റേഷൻ വ്യാപാരികൾ

 ചില റേഷൻ കടകളിൽ കിറ്റ് വിതരണത്തിന് കൂടുതൽ ജീവനക്കാരെ നിയമിച്ചു

 സൗകര്യം കുറഞ്ഞ കടകളിൽ വേറെ മുറി വാടകയ്‌ക്കെടുത്താണ് കിറ്റുകൾ ശേഖരിച്ചത്

 ഇതിനായുള്ള അധികച്ചിലവ് കടക്കാർ തന്നെയാണ് വഹിച്ചത്

 ഡിപ്പോകളിൽ നിന്ന് കിറ്റ് എത്താൻ വൈകിയതിന് ഉപഭോക്താക്കളുടെ അസഭ്യ വാക്കുകളും കേട്ടു

 കിറ്റിലെ സാധനങ്ങളുടെ അളവ് കുറഞ്ഞതിന് പഴി കേട്ടതും റേഷൻ കടക്കാരാണ്

റേഷൻ വ്യാപാരികൾ

സംസ്ഥാനത്ത് ആകെ......................................14,160

വിതരണം ചെയ്ത കിറ്റുകൾ....8.40കോടി

കമ്മീഷനായി ലഭിക്കേണ്ടത്....48കോടി

ജില്ലയിൽ

ആകെ റേഷൻ വ്യാപാരികൾ.......................................1,216

വിതരണം ചെയ്ത കിറ്റുകൾ....60ലക്ഷം

ലഭിക്കാനുള്ള കമ്മിഷൻ...................3.5കോടി

'കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം.

- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ