
മാവേലിക്കര: ബി.ജെ.പി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി കണ്ടെത്തി. ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും ഇവർ കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നവരാണെന്നും കോടതി നിരീക്ഷിച്ചു. ഒൻപതു മുതൽ 12 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതായും 13, 14, 15 പ്രതികൾ കൊലപാതകികളെ സഹായിച്ചതായും കോടതി കണ്ടെത്തി. പ്രോസിക്യൂഷൻ വാദം പൂർത്തിയായതോടെ പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ശിക്ഷ വിധിക്കുന്ന തീയതിയും അന്നറിയാം.
2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽക്കയറി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് പ്രതികൾ. എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
വിതുമ്പി മാതാവ്, പരമാവധി
ശിക്ഷ നൽകണമെന്ന് ഭാര്യ
വിധി കേൾക്കാൻ രഞ്ജിത്തിന്റെ മാതാവ് വിനോദിനി, ഭാര്യ ലിഷ, മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവരും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. കോടതിവിധിയിൽ തൃപ്തരെന്നായിരുന്നു ആദ്യ പ്രതികരണം. വിതുമ്പലോടെയാണ് വിനോദിനി മാദ്ധ്യമങ്ങൾക്കുമുന്നിലെത്തിയത്. പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലിഷ പറഞ്ഞു.
പ്രോസിക്യൂഷന്റെ വിജയം
പ്രോസിക്യൂഷൻ വാദങ്ങളെല്ലാം ശരിയാണെന്ന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നതെന്ന് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപ്പരം തൊണ്ടിമുതലുകളുമാണ് കോടതിയിൽ ഹാജരാക്കിയത്.
പ്രത്യേകം പരിശീലനം ലഭിച്ച പ്രതികൾ, ഡിസംബർ 19 പുലർച്ചെ ഒരു മണിയോടെ രഞ്ജിത്തിന്റെ വീടിനു സമീപം എത്തിയിരുന്നു. എന്നാൽ സാഹചര്യം മോശമായതുകൊണ്ട് മടങ്ങിപ്പോയി. തുടർന്ന് രാവിലെ ആറരയോടെ വീണ്ടുമെത്തിയാണ് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും പ്രതികൾക്ക് സുരക്ഷ കുറവാണെന്ന ആരോപണവും പ്രതിഭാഗത്തു നിന്നുയർന്നിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെടലിലൂടെയാണ് വിചാരണ മാവേലിക്കര അഡിഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇതിനെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ വിസമ്മതിച്ചു. അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി.