
ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണിനെ കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ പരുക്കെറ്റ രണ്ട് പ്രവർത്തകരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ നാഥൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർച്ചന എന്നിവർക്കാണ് പരിക്കേറ്റത്. നാഥന്റെ തലയ്ക്കു മുറിവുണ്ട്. അർച്ചനയെ പുരുഷ പൊലീസുകൾ ഷൂ ഇട്ട് ചവിട്ടിയെന്നും ആരോപണം ഉയർന്നു. ഇന്നാലെ ഉച്ചക്ക് 12 മണിയോടെ കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷനുമുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിംഷാദ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് എസ്. ദീപു മുഖ്യപ്രഭാഷണം നടത്തി. യോഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചില പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ യൂത്ത് കോൺഗ്രസ് നേതാക്കളെത്തി ജാമ്യത്തിൽ ഇറക്കി സ്റ്റേഷന് പുറത്തേക്ക് എത്തിയപ്പോൾ പ്രവർത്തകരും പൊലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയപ്പോഴാണ് രണ്ടുപേർക്ക് പരിക്കേറ്റത്. വി കെ നാഥൻ, അർച്ചന എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എം.ശ്രീക്കുട്ടൻ, അഖിൽകൃഷ്ണൻ,മുബാറക്ക്, ഷാനിൽ സാജൻ, അരുൺബാബു, അമൽവേണു, നിധീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.