തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 30 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8.30 ന് തിരുനിലത്ത് തിരുമലേശന്റെ വസതിയിൽ നിന്ന് കൊടിക്കയറും 10 ന് ദേവസ്വം വൈസ് പ്രസിഡൻറ് കീളാത്തറ കെ.കെ. സജീവന്റെ വസതിയിൽ നിന്ന് തിരുവാഭരണവും ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. 10.30 ന് തുറവൂർ പ്രഭാകരനും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി . ഉച്ചയ്ക്ക് 12 നും 12.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് പൂരം ഇടിവഴിപാടിന് പങ്കെടുക്കുന്ന കുട്ടികൾക്കുള്ള കാപ്പുകെട്ട്, പ്രസാദ ഊട്ട് എന്നിവ നടക്കും .ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡൻറ് തിരുമല വാസുദേവൻ, വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ, സെക്രട്ടറി എൻ.പി. പ്രകാശൻ എന്നിവർ അറിയിച്ചു.