ആലപ്പുഴ: ഉന്നത വിദ്യാഭ്യാസവകുപ്പ് ചെറിയ കലവൂരിൽ നിർമ്മിച്ച അസാപ് (അഡിഷ്‌ണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് തുറക്കുന്നതോടെ തൊഴിൽ, പരിശീലന രംഗങ്ങളിൽ വൻ ചുവടുവയ്പ്പാകും. തൊഴിൽ രംഗത്തെ പുത്തൻ അവസരങ്ങൾ നേടിയെടുക്കാൻ യുവാക്കളെ പ്രപ‌്തമാക്കുന്ന ക്രിയാത്മക ചുവടുവയ്പ്പുകളിലൊന്നാണ് അസാപ്. ചെറിയ കലവൂർ ക്ഷേത്രത്തിന് സമീപം എ.എസ് കനാലിനോട് ചേർന്ന് ജില്ല പഞ്ചായത്തിന്റെ 1.5 ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്.16കോടി രൂപ ചെലവിൽ 25,000 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഒരേസമയം 600 വിദ്യാർത്ഥികൾക്ക് പഠിക്കാം.

ഐ.ടി, ആക്ടിവിറ്റി ബേസ്ഡ്, ഹെവി മെഷിനറി, പ്രിസിഷൻ ബേസ്ഡ് എന്നീ വിഭാഗങ്ങളിലായിട്ടാണ് നൈപുണ്യപരിശീലനം നൽകുന്നത്. മെക്കാനിക്കൽ, ഫാഷൻ ഡിസൈനിംഗ്, കയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി തുടങ്ങിയവയും വിവിധ വിദേശ ഭാഷകൾ പഠിക്കാനും ഇവിടെ അവസരമുണ്ട്. പഠനം, നൈപുണ്യ പരിശീലനം, തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ആസാപ്പിന്റെ ലക്ഷ്യം.

സ്‌കിൽ പാർക്കുകളിലെ കോഴ്‌സുകൾ തീരുമാനിക്കാനും പ്രവർത്തനങ്ങൾ
വിലയിരുത്താനും കളക്ടർ അദ്ധ്യക്ഷനായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ് അംഗം, വിദ്യാഭ്യാസ വിദഗ്ദ്ധൻ, വ്യവസായിക പ്രമുഖർ, അസാപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളായുമുളള ഗവേണിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

600 : വിദ്യാർത്ഥികൾക്ക് ഒരേസമയം പഠനസൗകര്യം

മന്ത്രി ഉദ്ഘാനം ചെയ്യും

അസാപ് സ്‌കിൽ പാർക്ക് ഇന്ന് രാവിലെ 11ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ ജോൺ വി.സാമുവൽ, സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ ഡയറക്ടർ ജോയ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഡോ.ടി.എം.തോമസ് ഐസക് വിശിഷ്ടാതിഥിയാകും. അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്‌സ് ഹെഡ് ലെഫ്.കമാൻഡർ (റിട്ട) ഇ.വി.സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ്, നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ജില്ല പഞ്ചായത്തംഗം ആർ.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.