pa

പൂച്ചാക്കൽ: പാണാവള്ളിയിലെ ഒരുപരമ്പരാഗത തൊഴിൽ സ്ഥാപനം കൂടി അടച്ചു പൂട്ടൽ ഭീഷണിയിൽ. പാണാവള്ളി 142​-ാം നമ്പർ കൈത്തറി നെയ്‌ത്ത് വ്യവസായ സഹകരണ സംഘമാണ് പ്രതിസന്ധിയിലായത്. വായ്‌പ കുടിശിക എത്രയും വേഗം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് പൂച്ചാക്കൽ ശാഖയിൽ നിന്നുള്ള നോട്ടീസ്. എന്നാൽ,​ രണ്ടു മാസം മുമ്പ് നടന്ന അദാലത്തിലെ നിർദ്ദേശാനുസരണം കുടിശിക തുകയായ അഞ്ചു ലക്ഷം രൂപ അവാർഡാക്കണമെന്ന സംഘത്തിന്റെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബാങ്കിന്റെ 'സമർദ്ദനോട്ടീസ്' എന്നാണ് സംഘം പ്രസിഡന്റ് കെ.കെ.രവീന്ദൻ പിള്ള പറയുന്നത്.

മാത്രമല്ല, സംഘത്തിന്റെ ഷെയറുള്ള പൂച്ചാക്കൽ ശാഖയിൽ അഞ്ച് അക്കൗണ്ടുകളിലായി അഞ്ചു ലക്ഷം രൂപയോളം നിക്ഷേപമുണ്ടെന്നും അദ്ദേഹം പറയുന്നു. സർക്കാരിൽ നിന്ന് റിബേറ്റ് ഇനത്തിൽ 225109 രൂപയും ഹാൻ ടെക്സിൽ ഉൽപ്പന്നങ്ങൾ നൽകിയ ഇനത്തിൽ 3,80,000 രൂപയും കിട്ടാനുണ്ട്. ജില്ല വ്യവസായ കേന്ദ്രത്തിൽ നിന്ന് 50000 രൂപ കൂലിയിനത്തിലും കിട്ടാനുള്ള സാഹചര്യത്തിലാണ് ഏത് വിധേനയും സംഘത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

വഴിമുടക്കി ജപ്തി ഭീഷണി

ജില്ലയിലെ 22 സംഘങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നത് നാമ മാത്രമാണ്. കൈത്തറി സംഘങ്ങൾ പ്രതിസന്ധിയിലായപ്പോഴാണ് സ്‌ക്കൂൾ യൂണിഫോമിന് സംഘങ്ങൾക്ക് സർക്കാർ ഓർഡർ നൽകിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ യൂണിഫോം നിർമ്മിക്കുന്ന സഹകരണ സ്ഥാപനവും ഈ സംഘമാണ്. അടുത്ത അദ്ധ്യയന വർഷത്തെ യൂണിഫോമിനായുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കെയാണ് ബാങ്കിന്റെ ജപ്തി ഭീഷണി. വിവിധ ഘട്ടങ്ങളിലായി ഇതുവരെ 16 ലക്ഷം രൂപയോളം പലിശ ഇനത്തിൽ ബാങ്കിന് നൽകിയിട്ടുണ്ട്.

മുമ്പ് നൂറ് കണക്കിന് കുടുംബങ്ങൾ വീടുകളിൽ തറികൾ തയ്യാറാക്കി വസ്ത്ര നിർമ്മാണം നടത്തിയിരുന്നു. സംഘം കെട്ടിടത്തിൽ തന്നെ ധാരാളം പേർക്ക് വസ്ത്രം നെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ പവർലൂമിൽ നിർമ്മിച്ച വസ്ത്രങ്ങൾ വിപണിയിൽ കുറഞ്ഞ വിലയിൽ കിട്ടിത്തുടങ്ങിയതോടെ കൈത്തറിക്ക് ഡിമാന്റ് കുറഞ്ഞു. അതോടെ,​ തൊഴിൽ നഷ്ടപ്പെട്ട അനേകം പേർ മറ്റ് മേഖലകളിലേക്ക് ചേക്കേറി. ഇത്തരത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ സഹകരണ പ്രസ്ഥാനമാണ് ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിനേരിടുന്നത്.