അമ്പലപ്പുഴ: കേരളത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ ഇടതുപക്ഷ സർക്കാരിൽനിന്ന് അകറ്റാനുള്ള സംഘപരിവാർ തന്ത്രമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.അമ്പലപ്പുഴ കച്ചേരിമുക്കിൽ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങലയ്‌ക്ക് ശേഷം ചേർന്ന യോഗം ഉദ്‌ഘാടനംചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ജനകീയ സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റാനുള്ള സംഘപരിവാർ തന്ത്രമാണ് സമ്പത്തിക ഉപരോധം. സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങളാണ് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്നതിലൂടെ കേന്ദ്രം ചെയ്യുന്നത്. കേരളത്തിന്റെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാറിനെതിരെ ഒരുമിച്ചുനിന്ന് സമരം ചെയ്യാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് കത്തുനൽകി. എന്നാൽ, അതിന് കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ മറുപടി. കാരണമായി പറയുന്നത് സർക്കാറിനോട് എതിർപ്പുണ്ടെന്നാണ്. രാഷ്‌ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കെ ഇന്ത്യ മുന്നണിയാണ് രാജ്യത്ത് അധികാരത്തിലെത്തേണ്ടതെന്ന് നിലപാടെടുത്തവരാണ് ഇടതുപക്ഷം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ കോൺഗ്രസും പ്രതിപക്ഷവും എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്ന ചോദ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാട് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാസെക്രട്ടറി എം.സി.അനീഷ് കുമാർ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പ്രസിഡന്റ് അജ്മൽ ഹസൻ അദ്ധ്യക്ഷനായി. സി.പി.എം പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് എ.അനന്ത ഗോപൻ, ജില്ലാസെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ, മുൻ സംസ്ഥാന കമ്മിറ്റിയംഗം ഉണ്ണികൃഷ്ണപിള്ള, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.രമണൻ, തിരുവല്ല ഏരിയ സെക്രട്ടറി വി.ഫ്രാൻസിസ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ്. കുട്ടി, ശോഭാ ബാലൻ എന്നിവർ സംസാരിച്ചു.