
ചേർത്തല: ചേർത്തലയിൽ ആയിരങ്ങൾ മനുഷ്യച്ചങ്ങലയിൽ കൈകോർത്തു. സ്‌ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ സമരാവേശത്തോടെയാണ് അണിചേർന്നത്.കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന റെയിൽവേ അവഗണന, നിയമന നിരോധനം, സാമ്പത്തിക ഉപരോധം എന്നിവയ്‌ക്കെതിരെ ഇനിയും സഹിക്കണോ ഈ കേന്ദ്രഅവഗണന എന്ന മുദ്റാവാക്യം ഉയർത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ജില്ലയിലെയും കോട്ടയം ജില്ലയിൽ നിന്നുമുള്ള പ്രവർത്തകരാണ് ചേർത്തലയിൽ അണിനിരന്നത്. പ്രതിജ്ഞയെടുക്കലിന് ശേഷം വിവിധയിടങ്ങളിൽ അവർ യോഗം ചേർന്നു.
ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ.അജയ്,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു എന്നിവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. ചേർത്തല എക്‌സ്റേ ജംഗ്ഷനുസമീപം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല,സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ്,കെ.പി.പ്രതാപൻ,ഡി.വൈ.എഫ്.ഐ നേതാക്കളായ ദിനൂപ് വേണു, അനുപ്രിയ,വൈഭവ് ചാക്കോ തുടങ്ങിയവർ മനുഷ്യച്ചങ്ങലയിൽ കണ്ണിയായി.
സഹകരണ കോളേജ് കവലയിൽ എ.എസ്.സാബു ഉദ്‌ഘാടനംചെയ്‌തു. എസ്.സോബിൻ അദ്ധ്യക്ഷനായി. അരുൺകുമാർ, ഏലിക്കുട്ടി ജോൺ,അക്ഷയ് തിലക് എന്നിവർ സംസാരിച്ചു.സി.പി.എം ഏരിയ സെക്രട്ടറി ബി.വിനോദ് കുടുംബസമേതം ഒറ്റപ്പുന്നയിൽ കണ്ണിചേർന്നു.