
വള്ളികുന്നം : ഏഴുമാസമായി കുടിവെള്ള വിതരണം നിലച്ച വള്ളികുന്നത്ത് വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷം.
വളളികുന്നം പഞ്ചായത്ത് മൂന്നാം വാർഡിൽ ആര്യാട്ട് കാവിന് സമീപത്തെ വാട്ടർ അതോറിട്ടിയുടെ കുഴൽക്കിണർ ഇടിഞ്ഞുതാഴ്ന്നതാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് കാരണം. കഴിഞ്ഞ വേനൽക്കാലത്ത് അമിതമായി വെള്ളം പമ്പ് ചെയ്തതാണ് കുഴൽക്കിണർ ഇടിഞ്ഞുതാഴാൻ കാരണമായത്. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഇവിടെ വെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമായിട്ടും കുടിവെള്ളവിതരണത്തിന് ബദൽ സംവിധാനമില്ല.വള്ളികുന്നം ചിറയും രാമൻചിറയും വറ്റിതുടങ്ങിയത് കിണറുകളുൾപ്പെടെ പ്രദേശത്തെ ജലസ്രോതസുകളിലും ജലലഭ്യത കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വാട്ടഅതോറിട്ടിയുടെ പൈപ്പുവെള്ളമായിരുന്നു ജനങ്ങളുടെ ആശ്രയം. ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിട്ടി അധികൃതരുടെ പരിശോധനയിൽ ഇടിഞ്ഞ കിണർ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. അമൃത ജംഗ്ഷനിൽ സ്ഥലം കണ്ടെത്തിയെങ്കിലും 15 ലക്ഷത്തോളം രൂപ മുടക്കി പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലേ ജലവിതരണം സാദ്ധ്യമാകൂ. പടയണിവെട്ടത്തെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഓവർ ഹെഡ് ടാങ്ക് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ കുഴൽകിണർ സ്ഥാപിച്ചാൽ ഇവിടെ നിന്നുള്ള പൈപ്പ് ലൈൻ വഴി ജലവിതരണം സാദ്ധ്യമാക്കുന്നതിനൊപ്പം, പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടിവരുന്ന പതിനഞ്ച് ലക്ഷം ലാഭിക്കാമെന്ന് എം.എൽ.എയുടെയും പഞ്ചായത്തിന്റെയും നിർദേശം അംഗീകരിച്ചെങ്കിലും കുഴൽ കിണർ നിർമ്മാണം നീളുകയാണ്. ഭൂഗർഭ ജലവകുപ്പ് സ്ഥലം സന്ദർശിച്ച് ജല ലഭ്യതയുണ്ടെന്ന് ഉറപ്പാക്കിയാലേ നിർമ്മാണം ആരംഭിക്കൂ. മീനച്ചൂട് കടുക്കുന്നതോടെ വള്ളികുന്നത്തെ കുടിവെള്ള ക്ഷാമം വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും.
.......
# കൃഷി കരിഞ്ഞുണങ്ങും
വീട്ടാവശ്യത്തിന് പുറമേ കൃഷിയ്ക്കും കന്നുകാലി വളർത്തലിനും പോലും വെള്ളമില്ലാതെ കർഷകരും ദുരിതത്തിലാണ്. പച്ചക്കറി, വാഴ കൃഷികൾ കരിഞ്ഞുണങ്ങി. വയലുകളും വറ്റി വരണ്ടതോടെ പുല്ല് ക്ഷാമം കന്നുകാലികളെയും പട്ടിണിയിലാക്കി. കനാൽ തുറന്നുവിട്ടാൽ ചിറകളും വയലുകളും മറ്റും ജലസമൃദ്ധമാകും. തുറന്നുവിടുന്നതിന് മുന്നോടിയായുള്ള കനാൽ ശുചീകരണവും ഇനിയും ആരംഭിച്ചിട്ടില്ല.
.............
കുടിവെള്ള ക്ഷാമം
വീടുകൾ: 1500
ജനങ്ങൾ : 8500-9000
............................................
'' ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജലലഭ്യത ഉറപ്പാക്കിയാൽ എത്രയും പെട്ടെന്ന് കുഴൽക്കിണർ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. കനാൽ തുറന്നുവിടുന്നതിന് മുന്നോടിയായുള്ള ശുചീകരണം ഉടൻ ആരംഭിക്കും.
ബിജി പ്രസാദ്, പ്രസിഡന്റ്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്.
............................................
''ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തെക്കേക്കര പദ്ധതിയുടെ വെള്ളമെത്താൻ ഇനിയും മാസങ്ങളെടുക്കും. വള്ളികുന്നത്ത് ടാങ്കറുകളിലോ മറ്റോ ജലവിതരണം നടത്താൻ പഞ്ചായത്തും വാട്ടർ അതോറിട്ടിയും തയ്യാറാകണം.
ജയചന്ദ്രൻ, വള്ളികുന്നം