# ടെൻഡർ വ്യവസ്ഥ സംബന്ധിച്ച് ഉത്തരവായി
ആലപ്പുഴ: ആലപ്പുഴയുടെ പൈതൃക സ്മരണയായി ടൂറിസം ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തി കടൽപ്പാലം നവീകരിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടി സർക്കാർ ഉത്തരവ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വിവിധ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്. കിഫ്ബി ഫണ്ട് മുഖേന ചെയ്യുന്ന പദ്ധതിക്ക് രണ്ട് തവണ ടെൻഡർ ചെയ്തിട്ടും ഒരാൾ മാത്രമാണ് പങ്കെടുത്തിരുന്നത്. 9.9ശതമാനം കൂടുതൽ തുകയ്ക്ക് ക്വോട്ട് ചെയ്ത ടെൻഡർ, അക്സപ്റ്റൻസ് കമ്മിറ്റി റദ്ദ് ചെയ്തിരുന്നു. ഡിസൈൻ ആൻഡ് ബിൽഡ് മോഡലിന് പകരം ഡിസൈനിനും നിർമ്മാണത്തിനും പ്രത്യേകം ടെൻഡർ നടപടികൾ തയ്യാറാക്കണമെന്നും, ഐ.ഐ.ടിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബർ 22ന് ചേർന്ന കിഫ്ബി യോഗം ടെൻഡർ അക്സപ്റ്റൻസ് കമ്മിറ്റി തുടർന്ന് വിളിക്കേണ്ടതില്ലെന്നും ടെൻഡർ സംബന്ധിച്ച് സർക്കാർ തലത്തിൽ വ്യവസ്ഥകൾ ബാധകമാക്കി തീരുമാനം കൈക്കൊള്ളാനും നിശ്ചയിക്കുകയായിരുന്നു.
വിനോദസഞ്ചാരത്തിന് ഊന്നൽ
#കരാറുകാരൻ സ്വന്തം ചെലവിൽ ഡിസൈൻ തയാറാക്കണം
#ഡിസൈന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തണം
#ഐ.ഐ.ടിയിൽ നിന്ന് കരാറുകാരൻ സ്വന്തം ചെലവിൽ അനുമതി വാങ്ങണം
#ഐ.ഐ.ടിയിൽ നിന്ന് സ്ട്രക്ചറൽ സ്റ്റെബിളിറ്റി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷംമാത്രം പ്രവർത്തി
# സ്ട്രക്ചറൽ സ്റ്റെബിളിറ്റി സംബന്ധിച്ച അന്തിമ അംഗീകാരം ടെക്നിക്കൽ കമ്മിറ്റിക്ക്
#ബിഡ് തുകയെക്കാൾ കൂടുതൽ തുക ടെൻഡർ ഡോക്യുമെന്റിൽ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ ആയത് നൽകാൻ പാടില്ല
പുത്തൻ കടൽപ്പാലം
ചെലവ്: 20 കോടി
കാലവധി: 18 മാസം
നീളം : കരയിൽ 50 മീറ്റർ
കടലിലേക്ക് 300 മീറ്റർ
വീതി: അഞ്ചര മീറ്റർ
നിരന്തര ശ്രമഫലമായാണ് നിലവിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉത്തരവിറങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം വൈകാതെ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു
- എ.എം.ആരിഫ് എം.പി