ചേർത്തല:ശ്രീനാരായണ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ പാർലമെന്റ് മത്സരം 25ന് നടക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി,മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയാകും. വാർഡ് മെമ്പർ പ്രീത അനിൽ,വകുപ്പ് മേധാവി ഡോ.വി.ഡി.രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ടി.കെ. പ്രവീൺ കുമാർ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറയും.
രാജ്യസഭയിലും ലോകസഭയിലും നടക്കുന്ന പാർലമെന്ററി ചർച്ചകളുടെയും മറ്റ് തദ്ദേശിയ ചർച്ചാ അസംബ്ലികളുടെയും അനുകരണമാണ് മാതൃക പാർലമെന്റ്.
കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.രാഷ്ട്രപതിയായും പ്രധാനമന്ത്റിയായും സ്പീക്കറായും പ്രതിപക്ഷനേതാവായും മറ്റും കോളേജ് വിദ്യാർത്ഥികൾ അരങ്ങിലെത്തും.കഴിഞ്ഞ 50 ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിന് ശേഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാർലമെന്റ് നടപടി ക്രമങ്ങളെക്കുറിച്ചും ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിൽ സർവകലാശാലകളിലും കോളേജുകളിലും മാതൃകാ പാർലമെന്റുകൾ സംഘടിപ്പിക്കുന്നത്.അദ്ധ്യാപകർക്കായി ഹ്രസ്വകാല കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്നുണ്ട്.