
മുഹമ്മ: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് കല്ലാപ്പുറം വിശ്വഗാജി മഠാധിപതിയും ശ്രീനാരായണ ധർമ്മ പ്രചാരകനും പണ്ഡിതനും പ്രഭാഷകനുമായ സ്വാമി അശ്പർശാനന്ദ (64) സമാധിയായി.
ആലപ്പുഴ ബ്രഹ്മവിദ്യാ മന്ദിരത്തിന്റെ ഏഴാം വാർഷികാഘോഷം മഠത്തിൽ ഞായറാഴ്ച നടത്തുന്നതിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരുന്ന സ്വാമി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഉടൻ ചേർത്തല
എക്സ് റേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് 1.30ന് വിടപറഞ്ഞു. തുടർന്ന് വിശ്വഗാജി മഠത്തിലെ പ്രാർത്ഥനാലയത്തിലെത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിനുശേഷം വിലാപ യാത്രയായി ഉച്ചയ്ക്ക് 2.30ഓടെ ശിവഗിരിയിലെത്തിച്ച് സമാധിയിരുത്തി.
ഇടുക്കി അടിമാലി മുനിയറ കളപ്പുരയ്ക്കൽ കുഞ്ഞുമോൻ- കാർത്ത്യായനി ദമ്പതികളുടെ മകനാണ്. സുധാകരൻ,സജീവൻ, ശ്രീനിമോൻ എന്നിവർ സഹോദരന്മാരും സലി സഹോദരിയുമാണ്.
സ്കൂൾ വിദ്യാഭ്യാസ ശേഷം ശ്രീനാരായണ ദർശനത്തിൽ ആകൃഷ്ടനായാണ് ശിവഗിരിയിലെത്തിയത്. ഇവിടത്തെ പഠനശേഷം വടക്കേ ഇന്ത്യയിലാകെ സഞ്ചരിക്കുകയും പല ആശ്രമങ്ങളിൽ താമസിക്കുകയും വേദാന്ത വിദ്യയും ഇതര ശാസ്ത്ര വിഷയങ്ങളും പഠിക്കുകയും ചെയ്തു. ചിന്മയി മിഷനിലെ പരമാർത്ഥാനന്ദ സ്വാമികളുടെ കീഴിൽ ഉപരിപഠനം നടത്തി. വേദാന്തത്തിലും ശാസ്ത്ര വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം നേടി. തുടർന്ന് സ്വാമി ശാശ്വതികാനന്ദയുടെ ശിഷ്യത്വവും ഗുരുസേവയുമായി ആത്മീയതയിൽ ഉറച്ചുനിന്നു. ആലുവ അദ്വൈതാശ്രമം,കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാലയം, എറണാകുളം ശങ്കരാനന്ദാശ്രമം, എരൂർ നരസിംഹശ്രമം തുടങ്ങിയ സ്ഥലങ്ങളിലെ സേവനത്തിനു ശേഷമാണ് വിശ്വഗാജി മഠത്തിലെത്തിയത്