
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിൽ ശ്രദ്ധേയനായിരുന്നു വിശ്വഗാജി മഠത്തിന്റെ സ്ഥാപകനും ആത്മീയചാര്യനുമായ സ്വാമി അസ്പർശാനന്ദ.
അഞ്ചു പതിറ്റാണ്ടോളം ഗുരുസേവയിലും ഗുരുചര്യയിലും മുഴുകിയ സ്വാമി, കാൽ നൂറ്റാണ്ടിലേറെയായി വിശ്വഗാജി മഠത്തിന്റെ കാര്യദർശിയായിരുന്നു. ശിവഗിരി മഠത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലാപ്പുറത്തെ ആശ്രമത്തിന്റെ വളർച്ചയിൽ സ്വാമിയുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഗുരുദർശനത്തിന്റെ വികാസം മാത്രം ലക്ഷ്യമാക്കി ജീവിച്ച വ്യക്തിത്വമായിരുന്നു സ്വാമിയുടേത്. ഉജ്ജ്വല വാഗ്മിയും സംഘാടകനുമായി ആത്മീയ രംഗത്തും പൊതുരംഗത്തും നിറഞ്ഞു നിന്ന സ്വാമി ഗുരുചൈതന്യത്തിൽ വിലയം പ്രാപിച്ചതറിഞ്ഞെത്തിയ ഭക്തർ പ്രാർത്ഥനകളും പ്രണാമവുമായി ചടങ്ങുകളിൽ പങ്കാളികളായി. വിശ്വഗാജി മഠത്തിലെ പൊതുദർശനത്തിന് ശേഷം വൈദിക ചടങ്ങുകൾക്കായി ശിവഗിരിയിലേക്ക് കൊണ്ടുപോയ ഭൗതിക ശരീരത്തെ നൂറുകണക്കിനാളുകൾ അനുഗമിച്ചു
ഇടുക്കിയിലെ മുനിയറയെന്ന ഗ്രാമത്തിൽ സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച സ്വാമിജി തന്റെ ജീവിതം ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പ്രചരണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഗുരുദേവ ദർശനത്തിന്റെ പ്രചരണാർത്ഥമുള്ള ആത്മീയ പ്രഭാഷണങ്ങൾക്കായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്. ഗുരുദേവന്റെ മതാതീത-ആത്മീയ കാഴ്ചപ്പാടിലൂന്നിയുള്ള സ്വാമിജിയുടെ പ്രഭാഷണങ്ങൾ ശ്രദ്ധേയമായിരുന്നു.
ആലപ്പുഴയുടെ
തീരാനഷ്ടം
സ്വാമിയുടെ കഠിന പ്രയത്‌നമാണ് അഞ്ചേക്കറിൽ വ്യാപിച്ച് കിടക്കുന്ന മുഹമ്മ വിശ്വഗാജി മഠം.നല്ലൊരു ധ്യാന മണ്ഡപവും ഗുരുക്ഷേത്രവും ശിവക്ഷേത്രവും പണിയുകയെന്ന ആഗ്രഹവും ഭക്തരുടെ സഹായത്തോടെ അദ്ദേഹം സഫലീകരിച്ചു. അന്നദാന മന്ദിരവും അടുക്കളയും കൂടി നിർമ്മിച്ച ശേഷമാണ് ഗുരുസന്നിധിയിലേക്ക് യാത്രയായത്. സമീപവാസികൾക്ക് തൊഴിൽ നൽകുന്നതിനായി കയർ വ്യവസായ സംരംഭവും സ്വാമിയുടെ നേതൃത്വത്തിൽ മഠത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ കേരളത്തിലെ വിവിധ ശാഖാ സ്ഥാപനങ്ങളുടെ ചുമതല വഹിച്ച സ്വാമി, ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ആലപ്പുഴയിലായിരുന്നു. സ്വാമി പ്രഭാഷണങ്ങൾ നടത്താത്ത ഗ്രാമങ്ങളും ഗുരുക്ഷേത്രങ്ങളും ആലപ്പുഴയിൽ ഇല്ല. ആലപ്പുഴയുടെ സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലയിലെ തീരാനഷ്ടമാണ് സ്വാമിയുടെ വിയോഗം.