anyasamsthana-thozhilalka

മാന്നാർ : നെൽകൃഷിക്കായുള്ള ഒരുക്കം ആരംഭിച്ചതോടെ കുരട്ടിശ്ശേരി പാടശേഖരങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്നത് നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ. പെരുമ്പാവൂർ കഴിഞ്ഞാൽ അന്യസംസ്ഥാന തൊഴിലാളികൾ ഏറെ തമ്പടിച്ചിരിക്കുന്ന തിരുവല്ല പായിപ്പാട് ഭാഗത്തുനിന്നാണ് ഇവർ പുലർച്ചെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങിയ സഞ്ചിയും തൂക്കി മാന്നാറിൽ ബസിറങ്ങുന്നത്.

രാവിലെ ആറര മുതൽ മാന്നാർ തൃക്കുരട്ടി ക്ഷേത്രജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് പാവുക്കര ഭാഗത്തേക്കുള്ള റോഡുകളിലൂടെ സഞ്ചരിച്ചാണ് ഇവർ കുരട്ടിശ്ശേരി പാടശേഖരങ്ങളിൽ എത്തുന്നത്. ഏകദേശം അറുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടുത്തെ പാടശേഖരങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു.


കൂലിവർദ്ധന തിരിച്ചടിയാകുന്നു

 തൊഴിലാളി ക്ഷാമം മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളികളും കൂലി കൂടുതൽ ആവശ്യപ്പെടുന്നുണ്ട്

 കഴിഞ്ഞ വർഷം 750-800 രൂപയായിരുന്നു കൂലിയെങ്കിൽ ഇത്തവണ ഇവർ ആവശ്യപ്പെടുന്നത് 900-1000വരെയാണ്

 അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരാണ് കൂലി കൂടുതൽ ആവശ്യപ്പെടുന്നത്

 ഒരേക്കർ പാടത്ത് ഞാറുനടുന്നതിനു മുമ്പ് 7000 ആയിരുന്നിടത്ത് 8000 രൂപയാണ് ഇപ്പോൾ ഏജന്റുമാർ കൈപ്പറ്റുന്നത്
 കൂടുതൽ ജോലിക്കാരെ ആവശ്യമുള്ള കർഷകരാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്

നാട്ടിൽ തൊഴിലാളികളില്ല

നാട്ടിലെ തൊഴിലാളികളെ കിട്ടാതായതും വളർന്നുവരുന്ന തലമുറയുടെ കൃഷിജോലി ചെയ്യാനുള്ള താല്പര്യക്കുറവുമാണ് കൃഷിയിടങ്ങളിലും മറുനാടൻ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചത്. കേരളത്തിലെ കൃഷി രീതികൾ ഇവർക്ക് തികച്ചും അന്യമാണെങ്കിലും കർഷകർക്ക് ഇവരാണിപ്പോൾ ആശ്രയം. അന്യസംസ്ഥാന തൊഴിലാളികൾ കാർഷിക ജോലിയെല്ലാം വേഗത്തിൽ തീർക്കുന്നുണ്ടെന്ന് കർഷകർ സമ്മതിക്കുന്നുണ്ടെങ്കിലും ആശയവിനിമയത്തിന് ഭാഷ ഒരു തടസമാകുന്നുണ്ട്. വർഷങ്ങളായി കേരളത്തിൽ പണിയെടുക്കുന്ന മുതിർന്ന ചില അന്യസംസ്ഥാന തൊഴിലാളികളിലാണ് ഇത്തരം അവസ്ഥയിൽ തുടയാകുന്നുണ്ട്.