ചെന്നിത്തല: പൊതുഗതാഗത സംവിധാനം നിലവിലില്ലാത്തതിനാൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് യാത്രാക്ലേശം. നിറത്തലാക്കപ്പെട്ട സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ചെന്നിത്തല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിപു പടകത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് നിവേദനം സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള നിരവധി ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ചെന്നിത്തല-വലിയപെരുമ്പുഴ വഴിയും ഹരിപ്പാട് വഴിയും സർവീസുകൾ നടത്തിയിരുന്നുവെങ്കിലും നിലവിൽ ഒരു ബസ് പോലും ഇതുവഴി സർവീസ് നടത്താത്തതിനാൽ സാധാരണ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിലൂടെയും നടത്തുന്ന സർവീസുകളുടെ എണ്ണവും തീരെ കുറഞ്ഞിരിക്കുകയാണ്. ചെന്നിത്തല വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പുനസ്ഥാപിയ്ക്കുകയോ പ്രൈവറ്റ് ബസുകൾക്ക് സർവീസ് നടത്തുവാൻ അനുവാദം നൽകുകയോ ചെയ്ത് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിയ്ക്കണമെന്ന് ദിപു പടകത്തിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.