ആലപ്പുഴ: പ്രസവം നിർത്താനുള്ള ലാപ്രോസ്കോപ്പിക്ക് ശസ്ത്രക്രിയക്കിടെ ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാശരത്ത് (31) മരിച്ചത് ശസ്ത്രക്രിയക്ക് മുന്നോടിയായി കുത്തിവച്ച മരുന്നിന്റെ പാർശ്വഫലം കാരണമാണെന്ന സാദ്ധ്യത തള്ളിക്കളയാതെ ഫോറൻസിക്ക് ഡോക്ടർമാർ. ഇന്നലെ വൈകിട്ട് 4.45 നാണ് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ അഡീഷണൽ പ്രൊഫ.ഡോ.കെ.കൃഷ്ണന്റെ നേതൃത്വത്തിൽ ഫോറൻസിക് സർജന്മാരായ ഡോ.പൂജ, ഡോ.സരിത, രണ്ട് ഹൗസ് സർജന്മാർ എന്നിവരടങ്ങിയ സംഘം പോസ്റ്റുമാർട്ടം നടത്തിയത്. അനസ്നേഷ്യക്ക് നൽകുന്ന മരുന്നിന്റെ അളവിൽ വ്യത്യാസം വന്നാൽ ഹൃദയാഘാതമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ആശയുടെ ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരാൻ രണ്ട് ദിവസമെടുക്കും. ഫലം വന്നശേഷമേ, മരുന്നിന്റെ പാർശ്വഫലം കാരണമാണോ ഹൃദയാഘാതമുണ്ടായതെന്ന് സ്ഥിരീകരിക്കാനാവു.

ജില്ലാകളക്ടർക്ക് പരാതി നൽകി

രോഗിയെ ശസ്ത്രക്രിക്ക് വിധേയരാക്കും മുമ്പ് ആശുപത്രികളിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും കടപ്പുറം വനിതാ,​ ശിശു ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് ആശയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവ സമയം ആംബുലൻസ് പോലും ആശുപത്രിയിലുണ്ടായിരുന്നില്ല. 45 മിനിറ്റിലധികം വൈകിയാണ് ആശയെ ആംബുലൻസിൽ കയറ്റിയത്. മറ്റൊരാശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിന് ഡോക്ടർമാർ വിസമ്മതിച്ചതായും, ഡോക്ടറോ ജീവനക്കാരോ ആംബുലൻസിൽ കയറാൻ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതടക്കം ആശുപത്രിയിൽ നിന്ന് നേരിട്ട് അനാസ്ഥ സംബന്ധിച്ച് കുടുംബം ജില്ലാ കളക്ടർ ജോൺ വി.സാമുവലിന് പരാതി നൽകി. കളക്ടറുടെ ചേമ്പറിൽ ഇരിക്കുമ്പോഴാണ് ഇൻക്വസ്റ്റ് പൂർത്തിയായതായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചത്. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിലും, തങ്ങളുടെ സാന്നിദ്ധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയതിലും ബന്ധുക്കൾ കളക്ടറെ പ്രതിഷേധം അറിയിച്ചു. തുടർന്ന് റീ ഇൻക്വസ്റ്റും, വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ വീഡിയോ റെക്കാഡിംഗ് ഉൾപ്പടെ ക്രമീകരിച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു. സംഭവത്തിൽ ആമ്പലപ്പുഴ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച്ച ശസ്ത്രക്രിയ നടത്തിയ ആശ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. ആശയുടെ ഭർത്താവ് ശരത്ത് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തും. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ സംസ്ക്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.