ആലപ്പുഴ: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു. ആലപ്പുഴ തത്തംപള്ളി തയ്യിൽവീട് ജോയ് മാത്യുവിന്റെ ഉടമസ്ഥതയിൽ വൈ.എം.സി.എ ജംഗ്ഷന് സമീപത്തെ മാതാ ആർക്കേഡ് എന്ന കെട്ടിടത്തിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 9.40 ഓടെയായിരുന്നു മോഷണം. നാടോടി സ്ത്രീകൾ സാധനസാമഗ്രികൾ ചാക്കുകളിലാക്കി പോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന വയറിംഗ് സാധനസാമഗ്രികളും അനുബന്ധ ഉപകരണങ്ങളും കേബിളുകളുമാണ് കവർന്നത്. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. സെക്യൂരിറ്റി ജീവനക്കാരൻ ചായ കുടിക്കാൻ പുറത്തുപോയ സമയത്തായിരുന്നു മോഷണം. താഴ് തുറന്നു കിടന്നതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.