
ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിൽ അങ്കണവാടി കുട്ടികൾക്കുള്ള കയർഫെഡിന്റെ സ്‌നേഹകിടക്കകൾ വിതരണം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് മെത്ത വാങ്ങിയത്. ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ വിതരണോദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികൾക്കായി 628 സ്‌നേഹകിടക്കകളാണ് വിതരണം ചെയ്തത്. ആര്യാട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അശ്വനി അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.റിയാസ്, കയർഫെഡ് ഭരണസമിതി അംഗം സുരേശ്വരി ഘോഷ്, ഗ്രാമപഞ്ചായത്ത് അംഗം കവിത ഹരിദാസ് എന്നിവർ പങ്കെടുത്തു. ഷീല ദേവസ്യ സ്വാഗതവും കയർഫെഡ് മാർക്കറ്റിംഗ് മാനേജർ എം.അനുരാജ് നന്ദിയും പറഞ്ഞു.