ആലപ്പുഴ: സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിന് അയ്യായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂൾ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 8 മുതൽ 12 വരെ ക്ലാസുകൾ ഉള്ള 4752 സ്‌കൂളുകളിലെ നാൽപത്തി അയ്യായിരം ക്ലാസ് മുറികൾ ഹൈടെക് ആക്കി. ബ്രോഡ് ബാൻഡ് ശൃംഖലയും ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനവും സ്‌കൂളുകളിൽ ഒരുക്കി.പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 11257 ഹൈടെക് ലാബുകളും സജ്ജമാക്കി. 1,1955 ലാപ്ടോപ്പ്, 69944 പ്രൊജക്ടർ, 4578 ഡി. എസ്.എൽ.ആർ ക്യാമറ, 4545 എൽ. ഇ. ഡി. ടി.വി, 23098 സ്‌ക്രീൻ, 4720 വെബ്ക്യാം, 100473 യു.എസ്.ബി സ്പീക്കർ, 43250 മൗണ്ടിങ് കിറ്റ് എന്നിവ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ്, കെ.ഡി. മഹീന്ദ്രൻ, ടി.വി. അജിത്ത്കുമാർ, എം.എസ്.സന്തോഷ്, കെ. പി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.