ആലപ്പുഴ: കനത്ത ചൂടിനെയും കാലാവസ്ഥാ വ്യതിയാനത്തെയും തുടർന്ന് വേമ്പനാട്ട് കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മത്സ്യലഭ്യതയിലുണ്ടായ കുറവ് കാൽലക്ഷത്തോളം വരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ദുരിതത്തിലാക്കുന്നു. ആലപ്പുഴ, കോട്ടയം, ജില്ലകളിലെ കാൽ ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് ബുദ്ധിമുട്ടുന്നത്.
കായലിൽ നിന്നുള്ള മത്സ്യലഭ്യതയിൽ വൻകുറവാണ് അനുഭവപ്പെടുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നതോടെ ഉപ്പുവെള്ളം കയറാൻ കഴിയാതെ വരുന്നതോടെ മത്സ്യലഭ്യത തീരെ കുറയും. കായലിലെ മത്സ്യസമ്പത്ത് ഒഴിയാതിരിക്കാൻ ഏഴ് വർഷത്തിനിടെ 1.75 കോടി രൂപ ചിലവഴിച്ച് വിവിധ ഇനങ്ങളിലുള്ള 2.5കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചിരുന്നു. കരിമീൻ, കൊഞ്ച്, ചെമ്മീൻ, കട്‌ള , കാളാഞ്ചി, കണമ്പ്, കൊഴുവ, അറിഞ്ഞിൽ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് ഇങ്ങനെ നിക്ഷേപിച്ചത്. കാർഷിക മേഖലയിൽ ഉപ്പുവെള്ള ഭീഷണിയെ തുടർന്ന് ഷട്ടറുകൾ പൂർണമായും അടക്കുന്നതോടെ നാരൻ, ചൂടൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങളും ഞണ്ട് വർഗങ്ങളും കണമ്പ്, പൂമീൻ, വറ്റ, തെരണ്ടി തുടങ്ങിയ ഇനം മത്സ്യങ്ങളും ബണ്ടിന് തെക്കു ഭാഗത്ത് കായലിൽ കിട്ടാത്ത അവസ്ഥയായി. ഉപ്പുവെള്ളം കയറുന്നതിനു മുമ്പ് ഷട്ടറുകൾ അടയ്ക്കുന്നത് മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനത്തെ ബാധിച്ചു.
കായൽമീനുകളുടെ ലഭ്യതയിൽ കുറവ്
1.കായലുകളിൽ പോള നിറയുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നു
2. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെ ഉപ്പുവെള്ളം കയറാത്തതും പ്രതികൂലമായി ബാധിക്കും
3. പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും ഭീഷണി
4. ഹൗസ്ബോട്ട് മാലിന്യവും ജലവാഹനങ്ങളിൽ നിന്നുള്ള എണ്ണയും കായലിൽ കലരുന്നു
5. മലിനജലത്തിലൂടെ മത്സ്യങ്ങൾണ്ടുണ്ടാകുന്ന വൈറസ് രോഗ ബാധയും ആശങ്കപ്പെടുത്തുന്നു.
വെല്ലുവിളികൾ
ഉൾനാടൻ ജലാശയത്തിലെ ആഴവും വിസ്തൃതിയും കുറയുന്നു
എക്കലും ചെളിയും മണൽ നീക്കണം
നീരൊഴുക്ക് സുഗമമാക്കണം
ഊന്ന് വലകൾ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണം
250
മുമ്പ് വേമ്പനാട്ട് കായലിലുണ്ടായിരുന്ന ഇനം മത്സ്യങ്ങൾ
100
ഇപ്പോൾ കായലിൽ 100ൽ താഴെ ഇനം മത്സ്യങ്ങൾ മാത്രം
"പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള അതേ ആനുകൂല്യങ്ങൾ ഉൾനാടൻ മേഖലയിലെ തൊഴിലാളികൾക്കും നൽകണം. മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പാക്കണം. പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകണം
- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ
"നാടൻ ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കാനും വംശനാശം ഒഴിവാക്കാനും തണ്ണീർമുക്കത്തെ ഷട്ടറുകൾ കൃത്യസമയത്ത് തുറന്നിടണം
- വിനയകുമാർ, ഉൾനാടൻ മത്സ്യത്തൊഴിലാളി