
ചേർത്തല: കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ ആവേശമായി മകരക്കൊയ്ത്ത്. മേടമാസത്തിലാണ് കരപ്പാടങ്ങളിൽ വിരിപ്പും മുണ്ടകനും ചേർന്ന കൂട്ടു നെൽവിത്ത് വിതച്ചത്. വിരിപ്പു നെല്ല് ആദ്യം വിളവായി. ഇത് കന്നിമാസത്തിൽ കൊയ്‌തെടുത്തു. പിന്നീട് വളർന്ന മുണ്ടകൻ നെല്ലാണ് മകരമാസത്തിൽ വിളവാകുന്നത്.
കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കാരിക്കുഴി പാടശേഖരത്തിലെ മുണ്ടകൻ നെല്ല് വിളവെടുപ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത നെൽവിത്തായ വിരിപ്പും മുണ്ടകനും പഞ്ചായത്ത് സൗജന്യമായാണ് കർഷകർക്ക് നൽകിയത്. കൂലിച്ചെലവ് സബ്സിഡിയും കൃഷിഭവൻ മുഖേന പഞ്ചായത്തു നൽകുന്നുണ്ട്. കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കൊയ്ത്തു യന്ത്റം ഉപയോഗിച്ചായിരുന്നു വിളവെടുപ്പ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ജില്ലാപഞ്ചായത്തംഗം വി.ഉത്തമൻ,പഞ്ചായത്തംഗം രജനി രവിപാലൻ വാർഡ് വികസന സമിതി കൺവീനർ ജി.പ്രദീപ്,പാടശേഖരസമിതി ഭാരവാഹികളായ സി.കെ.മനോഹരൻ,ജി.ഹരിദാസ്,എം.ഡി. സുധാകരൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില എന്നിവർ സംസാരിച്ചു.
സംഭരിക്കുന്നത് 50രൂപ നിരക്കിൽ
നെൽവിത്ത് കിലോ ഗ്രാമിന് അൻപതു രൂപ നിരക്കിൽ പഞ്ചായത്ത് കർഷകരിൽ നിന്ന് സംഭരിക്കും. ആർ.രവിപാലൻ, ജി.ഹരിദാസ്,സി.വിധു എന്നിവർ ചേർന്ന് നേരത്തേ സൂര്യകാന്തി കൃഷി ചെയ്ത രണ്ടേക്കർ പാടത്താണ് ഇപ്പോൾ നെൽകൃഷി നടത്തിയത്