ആലപ്പുഴ : മതത്തെ കൈകാര്യംചെയ്യുന്ന ചിലർക്ക് മനുഷ്യത്വം നഷ്ടമായെന്ന് ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മികച്ച പൊതുപ്രവർത്തകനുള്ള ഭാരതരത്‌ന മദർതെരേസ ഗോൾഡ് മെഡൽ ജേതാവ് അഡ്വ.അനിൽബോസിന് ആലപ്പുഴ ടൗൺഹാളിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം പരമമായ ശാന്തിയും മനുഷ്യത്വവുമാണ് പ്രധാനം ചെയ്യുന്നത്. സാമൂഹികജീവിതത്തിലെ വിവിധങ്ങളായ മേഖകളിൽ നിന്ന് മാനുഷികഅംശം ഓരോന്ന് ഇല്ലാതാവുകയാണ്. മനുഷ്യത്വമില്ലാത്തവർ തലപ്പത്ത് വന്നാൽ എന്തായിരിക്കും ലോകത്തിന്റെ സ്ഥിതിയെന്ന് എല്ലാവരും ചിന്തിക്കണം. മനുഷ്യത്വത്തിൽനിന്നാണ് രാഷ്ട്രീയവും കലയുമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്വാഗതസംഘം ചെയർമാൻ ഫാ.റക്‌സ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.എർ. മഹേഷ് എം.എൽ.എ അനിൽബോസിന് ഉപഹാരം സമർപ്പിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ലാൽ വർഗീസ് കൽപകവാടി, അഡ്വ. എസ്. മുരുകൻ, സൈനുലാബ്ദീൻ, അഡ്വ. അനിൽ ബോസ് എന്നിവർ സംസാരിച്ചു.