ആലപ്പുഴ: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയെത്തുടർന്ന് ആശ ശരത്തെന്ന യുവതി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ, പ്രവർത്തകരായ നൂറുദ്ദീൻ കോയ, അൻഷാദ് മെഹബൂബ്, റിനുബൂട്ടോ, തൻസിൽ, അർജുൻ ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് പൊലീസ് ആശുപത്രിക്ക് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പ്രതിഷേധക്കാരെ തടയാൻ ബന്തവസ് ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രവർത്തകർ ആശുപത്രിയുടെ പിൻവശം വഴി അകത്തുകടക്കുകയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് സൂപ്രണ്ടിനെ ഉപരോധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സൗത്ത് സ്റ്റേഷനിലേക്ക് മാറ്റിയ പ്രവർത്തകരെ ഉച്ചയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ആശുപത്രിക്ക് നേരെ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷവും പൊലീസ് കാവലിലാണ് ആശുപത്രി പ്രവർത്തിച്ചത്.