ആലപ്പുഴ : തനിമയും പൈതൃകവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ ആലപ്പുഴ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. എ.എം.ആരിഫ് എം.പിയുടെ നിരന്തര ശ്രമഫലമായാണ് ഗോവണിക്ക് പുറമേ ലൈറ്റ് ഹൗസിനുള്ളിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള കേന്ദ്രാനുമതി നേടിയെടുത്തത്. അർബൻ ഡെവലപ്മെന്റ് പ്രെമോഷൻ സോൺ, ആർട്ട് ആൻഡ് ഹെറിറ്റേജ് സോൺ എന്നീ പരിധികളിലാണ് ആലപ്പുഴ ലൈറ്റ് ഹൗസ് പ്രദേശം ഉൾപ്പെടുന്നത്. 1862ൽ സ്ഥാപിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതനമായ ലൈറ്റ് ഹൗസിൽ പുതുതായി ലിഫ്റ്റ് സ്ഥാപിച്ചാൽ തനിമ നഷ്ടപ്പെടുമെന്നാണ് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ ഉരുത്തിരിഞ്ഞ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി പാടേ ഉപേക്ഷിക്കുകയായിരുന്നു.

ശ്രമം വിജയം കണ്ടിട്ടും ഫലമുണ്ടായില്ല

2021ലാണ് കേന്ദ്രതുറമുഖ കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാളിന് ലൈറ്റ് ഹൗസിനുള്ളിൽ ലിഫ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് എ.എം.ആരിഫ് എം.പി കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം തൃശൂർ എൻജിനീയറിംഗ് കോളേജിനോട് വിശദമായ പഠനം നടത്താനാവശ്യപ്പെട്ടു. കോളേജ് റിപ്പോർട്ട് സമർപ്പിച്ചതോടെ ഒരേസമയം ആറ് പേർക്ക് കയറാനാവുന്നതും, മിനിറ്റിൽ ഒരു മീറ്റർ വേഗതയുമുള്ള ലിഫ്റ്റ് സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു. നിർമ്മാണം ആരംഭിക്കുന്നതിന് ആലപ്പുഴ നഗരസഭയിൽ നിന്ന് നിരാക്ഷേപപത്രവും ലഭിച്ചിരുന്നു. എന്നാൽ പൈതൃക സോണിൽ ഉൾപ്പെട്ടതിന്റെ പേരിൽ ശ്രമങ്ങളെല്ലാം അവസാനം പാഴായി.

പൈതൃകത്തിന് കോട്ടം തട്ടുമെന്ന വിലയിരുത്തലാണ് ലിഫ്റ്റ് എന്ന ആശയത്തിന് വിലങ്ങുതടിയായത്. പദ്ധതിക്ക് വേണ്ടി നിരന്തരശ്രമം നടത്തിയെങ്കിലും, ഹെറിറ്റേജ് സോണായതിനാൽ ഉപേക്ഷിക്കേണ്ടിവന്നു

- എ.എം.ആരിഫ് എം.പി