ആലപ്പുഴ: കടപ്പുറം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ നഗരത്തിൽ നിന്ന് തീരദേശത്തേക്കും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുമുള്ള യാത്ര ദുരിതപൂർണമായി. പാളത്തിലെ കോൺക്രീറ്റ് സ്ളാബുകളുടെ അറ്റകുറ്റപ്പണികൾക്കായി ഞായറാഴ്ചയാണ് മൂന്നുദിവസത്തേക്ക്
റെയിൽവേസ്റ്റേഷന് വടക്കുവശത്തെ ഗേറ്റ് അടച്ചിട്ടത്.
ഗ്രാവലിട്ടശേഷമാണ് റെയിൽപാളം സാധാരണ ഉറപ്പിക്കുന്നത്. എന്നാൽ, ഇവിടെ റോഡ‌് ക്രോസ് ചെയ്യുന്നതിനാൽ ഗ്രാവലിട്ടാൽ ഉയര വ്യത്യാസം വരും. അതിനാൽ പാളം മണ്ണിലാണ് ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർഷവും ഇവിടെ കോൺക്രീറ്റ് സ്ളാബുകളുടെ അറ്റകുറ്റപ്പണി ആവശ്യമാണ്.
ഗേറ്റ് അടച്ചിട്ടതോടെ ബീച്ചിലേക്ക് വരുന്നവർ റെയിൽവേ ഗേറ്റിന് കിഴക്കുവശം വാഹനങ്ങൾ നിർത്തി കാൽനടയായി പാളം ക്രോസ് ചെയ്തുവേണം പോകാൻ. അല്ലെങ്കിൽ, റെയിൽവേ സ്റ്റേഷന് തെക്കുവശമുള്ള തിരുവമ്പാടി റോഡിലെ ഇ.എസ്.ഐ ആശുപത്രി ഗേറ്റ് വഴി കറങ്ങിപോകണം. എക്സിബിഷനുംമറ്റും നടക്കുന്നതിനാൽ പതിവിൽ അധികം ആളുകൾ ഇപ്പോൾ ബീച്ചിലെത്തുന്നുണ്ട്.
ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ഇവർകിലോമീറ്ററുകൾ ചുറ്റണം. വാഹനപാർക്കിംഗും ബുദ്ധിമുട്ടായിട്ടുണ്ട്.
പോംവഴി മേൽപ്പാലം
1.പ്രസവമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കടപ്പുറം ആശുപത്രിയിലേക്ക് വരുന്ന രോഗികൾ ഇ.എസ്.ഐ ഗേറ്റ് വഴി ബൈപ്പാസിലെ സർവീസ് റോഡിലൂടെ കറങ്ങി വേണം എത്താൻ
2.ഹാർട്ട് അറ്റാക്ക്, രക്തസ്രാവം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ വിലപ്പെട്ട ആദ്യനിമിഷങ്ങളാണ് റെയിൽവേ ഗേറ്റിൽ കുടുങ്ങി നഷ്ടമാകുന്നത്
3.കടപ്പുറം ഗേറ്റ് അടച്ചതോടെ ഇ.എസ്.ഐ ആശുപത്രി ഗേറ്റിലെ വാഹനപ്രളയം ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്
ആശയുമായി പോയ
ആംബുലൻസും കുടുങ്ങി
പ്രസവംനിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞദിവസം ഗുരുതരാവസ്ഥയിലായ ആശാശരത്തുമായി കടപ്പുറം ആശുപത്രിയിൽനിന്ന്
മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ ആംബുലൻസും അടച്ചിട്ട ഗേറ്റിൽ അകപ്പെട്ടിരുന്നു. ട്രെയിൻ കടന്നുപോകാനായി അടച്ച ഗേറ്റ്, ആശുപത്രി സൂപ്രണ്ട് എത്തി രോഗിയുടെ അപകടനില റെയിൽവേ ജീവനക്കാരെ ബോദ്ധ്യപ്പെടുത്തിയശേഷം തുറപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പിന്നീട് ആശാശരത്ത് മരിക്കുകയും ചെയ്തു.