ആലപ്പുഴ : ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാം. ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവ്വീസ് നടത്താൻ അനുവദിക്കരുത്. നിലവിൽ സർവ്വീസ് നടത്തുന്നവ ക്രമവത്ക്കരിക്കണം.ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നൽകണം. യോഗത്തിൽ മന്ത്രി വി.എൻ വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ തുടങ്ങിയർ പങ്കെടുത്തു.
മാലിന്യം തള്ളലിന് പരിഹാരം
മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കണം
സ്വീവേജ് ട്രീറ്റ് മെൻറ് പ്ലാന്റ് സംബന്ധിച്ച് കളക്ടർമാർ ചർച്ച നടത്തണം
തദ്ദേശസ്വയംഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിക്കണം
ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാൻറുകൾ ഉടൻ പൂർത്തിയാക്കണം.