ആലപ്പുഴ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ജില്ലയിൽ ആഘോഷമാക്കി ബി.ജെ.പിയും ഹൈന്ദവ സംഘടനകളും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. വിവിധ കേന്ദ്രങ്ങളിൽ കർസേവകരെ ആദരിച്ചു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിലെല്ലാം അയോദ്ധ്യയിലെ ചടങ്ങുകൾ ലൈവായി കാണാൻ എൽ.ഇ.ഡി വാൾ സജ്ജമാക്കിയിരുന്നു. പ്രാണപ്രതിഷ്ഠസമയത്തും വൈകിട്ടും വീടുകളിൽ നിലവിളക്ക് തെളിച്ച് രാമജപം നടത്തി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ 1000ത്തോളം കേന്ദ്രങ്ങളിൽ ദീപക്കാഴ്ച ഒരുക്കിയിരുന്നു.

എ.എൻ പുരം പ്രാണപ്രതിഷ്ഠാസമിതിയുടെ നേതൃത്വത്തിൽ അനന്തനാരായണ ക്ഷേത്രത്തിൽ മധുരവിതരണം,​ നാമജപം, കുടിവെള്ളവിതരണം, അന്നദാനം എന്നിവ നടന്നു. ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ, സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അനിൽ അനുരുദ്ധൻ,​ വെള്ളിയാകുളം പരമേശ്വരൻ, എൽ.പി.ജയചന്ദ്രൻ തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ പങ്കാളികളായി.

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ചടങ്ങുകളിൽ ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ പങ്കാളിയായി. ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പുന്നപ്രയിലെ സുധീപത്തിലാണ് ദീപം തെളിച്ചത്.

ചക്കുളത്തുകാവിൽ

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും നടന്നു. രാമായണ പാരായണം,അഖണ്ഡ നാമജപം,​ പ്രസാദ വിതരണം,​ ദീപക്കാഴ്ച എന്നിവയായിരുന്നു പ്രധാന പരിപാടികൾ. മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി,​ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത്, ഗോകുൽ ചക്കുളത്തുകാവ്, ഹരികുമാർ, രാജം രാധകൃഷ്ണൻ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.