ആലപ്പുഴ: ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയെത്തുടർന്ന് മരണമടഞ്ഞ ആശയ്ക്ക് പഴവീട് ഗ്രാമം നിറകണ്ണീരോടെ വിടചൊല്ലി. മക്കളായ ഏഴുവയസുകാരി അവന്തികയും നാലുവയസുകാരൻ ആദവും അമ്മയ്ക്ക് അന്ത്യചുംബനം നൽകിയത് നൊമ്പരക്കാഴ്ചയായി.

ആലപ്പുഴ പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശാശരത്താണ് (31) കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കടപ്പുറം വനിതാ -ശിശു ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ആശയെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യു.എസിൽ പാർസൽഷിപ്പിൽ ജോലിചെയ്യുന്ന ശരത്ത് ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. തുടർന്നാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ആദവിനെ അരികിൽ നിർത്തി ആശയുടെ അനുജൻ അരുണാണ് കർമ്മങ്ങൾ ചെയ്തത്.

ആശയുടെ മരണം സംബന്ധിച്ച അന്വേഷണം അമ്പലപ്പുഴയിൽ നിന്നും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു.